പ്രതീക്ഷയറ്റ് വഞ്ചിയം പദ്ധതി:ഇരുപത് ശതമാനം പോലും പൂർത്തിയാകാതെ അനാഥമായ നിലയിൽശ്രീകണ്ഠപുരം: ഇരുപത്തിയഞ്ച്  വർഷം മുൻപ് തുടങ്ങിയ വഞ്ചിയം പദ്ധതിയുടെ നിർമാണം ഇരുപത് ശതമാനം പോലും പൂർത്തിയാകാതെ അനാഥമായ നിലയിൽ. പദ്ധതിക്കായി കൊണ്ടുവന്ന ഉപകരണങ്ങൾ തുരുമ്പെടുക്കുകയും പ്രദേശമാകെ കാടുകയറി നശിച്ച അവസ്ഥയിലുമാണ്.
1996 ലാണ് പയ്യാവൂർ പഞ്ചായത്തിലെ വഞ്ചിയം പുഴയിൽ മൂന്ന് മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാൻ ശേഷിയുള്ള പദ്ധതി തുടങ്ങിയത്. സ്വകാര്യ മേഖലയിൽ തുടങ്ങിയ മലബാറിലെ ആദ്യത്തെ മിനി ജലവൈദ്യുത പദ്ധതിയായിരുന്നു വഞ്ചിയം. 1997 ൽ പദ്ധതി പൂർത്തിയാക്കുകയായിരുന്നു ലക്ഷ്യം. തിരുവല്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ‘ഐഡിയൽ’ എന്ന സ്വകാര്യ കമ്പനിയാണ് കരാർ എടുത്തത്.  വഞ്ചിയം പുഴയിൽ  വെള്ളം തടഞ്ഞു നിർത്താനായി ചെക്ക് ഡാം നിർമിച്ചാണ് പദ്ധതി തുടങ്ങിയത്. ഡാമിലെ വെള്ളം രണ്ടു മീറ്റർ വ്യാസമുള്ള പൈപ്പിലൂടെ എബനൈസർ മലയിൽ എത്തിച്ച് 200 അടി താഴെയുള്ള ജനറേറ്ററിൽ വീഴ്ത്തി വൈദ്യുതി ഉത്പാദിപ്പിക്കുകയായിരുന്നു ലക്ഷ്യം. പദ്ധതി പ്രദേശത്തുനിന്ന് രണ്ടര കിലോമീറ്റർ അകലെയാണ് എബനൈസർ മല. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതി ശ്രീകണ്ഠപുരം സബ് സ്റ്റേഷനു നൽകുമെന്നും 30 വർഷം സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചതിനു ശേഷം പദ്ധതി കെ.എസ്.ഇ.ബിക്ക് കൈമാറുമെന്നുമായിരുന്നു ധാരണ.
1991 ൽ പ്രഖ്യാപനം നടത്തിയ പദ്ധതിക്ക് 96 ലാണ് തറക്കല്ലിടുന്നത്. കമ്പനി പൈപ്പ് ഇടാനുള്ള സ്ഥലമെടുപ്പ് പൂർത്തിയാക്കിയിരുന്നു. പദ്ധതിപ്രദേശത്തേക്ക് റോഡും നിർമ്മിച്ചിരുന്നു. ഒന്നരമാസം പിന്നിട്ടതോട യാതൊരു മുന്നറിയിപ്പുമില്ലാതെ പദ്ധതി പാതി വഴിക്ക് ഉപേക്ഷിച്ച് കരാറുകാർ സ്ഥലം വിടുകയായിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥതയും അഴിമതിയുമാണ് പദ്ധതിയുടെ നിർമാണത്തെ തടസപ്പെടുത്തിയതെന്ന് പ്രദേശവാസികൾ പറയുന്നു.
മുടങ്ങിയ പദ്ധതി പുനരാരംഭിക്കാൻ വായ്പ നൽകണമെന്നാവശ്യപ്പെട്ട് കമ്പനിക്കാർ അന്നത്തെ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ സമീപിച്ചുരുന്നു. കെ.എസ്.ഇ.ബി. ഈട് നിന്നുള്ള വായ്പാ ആവശ്യം മന്ത്രി തള്ളിയതോടെ കമ്പനി ഉടമകൽ പിന്മാറി.
1998 നു ശേഷം പദ്ധതി പൂർണമായും ഉപേക്ഷിച്ചു. പദ്ധതിക്കായി നിർമിച്ച ചെക്ക് ഡാം ഇപ്പോഴും അവിടെയുണ്ട്.ഉപകരണങ്ങളെല്ലാം തുരുമ്പെടുത്ത് നശിച്ചു. മൂന്നു കോടി ചെലവ് വരുമെന്നായിരുന്നു അന്ന് വൈദ്യുതിവകുപ്പ് പറഞ്ഞിരുന്നത്. നിലവിൽ അതിന്റെ അഞ്ചിരട്ടി തുകയുണ്ടായാലും പദ്ധതി പൂർത്തിയാക്കുക പ്രയാസമാണ്.
പദ്ധതിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലം നിലവിൽ സ്വകാര്യ വ്യക്തിയുടെ കൈവശമാണുള്ളത്. അതുകൊണ്ട് ഡാമിന്റെയും പവർഹൗസിന്റെയും സ്ഥാനം മാറ്റി പുതിയ പ്രൊജക്ട് റിപ്പോർട്ട് ഉണ്ടാക്കാൻ ശ്രമം നടത്തുന്നതായി അധികൃതർ അറിയിച്ചു. എന്നാൽ പദ്ധതി മുടങ്ങിയതിനെപ്പറ്റിയും ഭാവിയെപ്പറ്റിയും വൈദ്യുതി ബോർഡിനു ഇപ്പോൾ വ്യക്തതയില്ല.
ഈ സ്ഥലം സ്വകാര്യ വ്യക്തിയുടെ കൈയ്യിൽ നിന്നും ഏറ്റെടുക്കാനും വൈദ്യുതി ബോർഡ് തയ്യാറാവുന്നില്ല. പദ്ധതി നടപ്പിലാക്കിയിരുന്നെങ്കിൽ മലയോര മേഖലയ്ക്കാവശ്യമായ വൈദ്യുതി മുഴുവൻ ഇവിടെ നിന്നുത്പാദിപ്പിച്ച് വിതരണം ചെയ്യാനാകുമായിരുന്നു.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.