ഷുഹൈബ് വധം: സി.ബി.ഐ അനേഷണം വേണ്ട, പോലീസ് അന്വേഷണം തുടരാം; സുപ്രീംകോടതി


കണ്ണൂർ:ഷുഹൈബിനെ വധിച്ച കേസിലെ സി.ബി.ഐ അന്വേഷണം ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത് നീക്കാന്‍ സുപ്രീം കോടതി വിസമ്മതിച്ചു. കേസില്‍ പൊലീസിന്റെ അന്വേഷണം തുടരാമെന്നും കേസില്‍ കുറ്റപത്രം സമ‌ര്‍പ്പിക്കുന്നതിന് പൊലീസിന് തടസങ്ങളില്ലെന്നും കോടതി പറഞ്ഞു. സ്റ്റേ നീക്കണമെന്ന് ആവശ്യപ്പെട്ട് ഷുഹൈബിന്റെ പിതാവ് സി.പി.മുഹമ്മദാണ് സുപ്രീം കോടതിയെ സമീപിച്ചത്.
മുഹമ്മദിന്റെ ഹര്‍ജിയില്‍ സി.ബി.ഐയ്ക്കും സംസ്ഥാന സര്‍ക്കാരിനും സുപ്രീം കോടതി നോട്ടീസ് അയച്ചു.

കേസില്‍ 90 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. ഇപ്പോള്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറിയാല്‍ സമയബന്ധിതമായി കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിയാതെ വരികയും അറസ്റ്റിലായ പ്രതികള്‍ക്ക് ജാമ്യം ലഭിക്കുകയും ചെയ്യുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഇത് കോടതി അംഗീകരിക്കുകയായിരുന്നു.
കേസില്‍ പൊലീസ് അന്വേഷണം ഫലപ്രദമാണെന്നും പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു.
അതേസമയം,​ കേസ് സി.ബി.ഐ. അന്വേഷണത്തിന് വിടണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയത് നിയമവിരുദ്ധമാണെന്ന് മുഹമ്മദിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ ഡിവിഷന്‍ ബെഞ്ചിന് അധികാരമില്ലെന്നും കപില്‍ സിബല്‍ പറഞ്ഞു. അപ്പീല്‍ നല്‍കുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെയാണ് സമീപിക്കേണ്ടിയിരുന്നതെന്നും സിബല്‍ പറഞ്ഞു. എന്നാലിത് സുപ്രീം കോടതി അംഗീകരിച്ചില്ല.


കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.