പൊതുസ്ഥലങ്ങളിലെ പുകവലി: പരിശോധന ശക്തമാക്കണം-കലക്ടര്‍

കണ്ണൂര്‍: പൊതുസ്ഥലങ്ങളിലെ പുകവലി ഇല്ലാതാക്കാന്‍ പരിശോധന ശക്തമാക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദ് അലി പറഞ്ഞു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു കലക്ടര്‍. തിയറ്റര്‍ പോലുള്ള പൊതുസ്ഥലങ്ങളിലെ പുകവലി മൂലം കുട്ടികള്‍ വരെ പാസീവ് സ്‌മോക്കിംഗിന് ഇരകളാവുന്നു.     സ്‌കൂള്‍ പരിസരത്ത് പുകയില ഉല്‍പ്പന്നങ്ങളുടെ വില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തിരമായി റിപ്പോര്‍ട്ട് ചെയ്യണം. പുകവലിക്ക് എതിരായ പരിശോധനകള്‍ക്കൊപ്പം ബോധവത്കരണവും അനിവാര്യമാണ്. കുട്ടികള്‍ ഇതിന് ഇരകളാവുന്നുവെന്ന് ശ്രദ്ധയില്‍പ്പെട്ടാല്‍ അവരെ കുറ്റവാളികളായി കാണുന്നതിന് പകരം ബോധവത്കരിച്ച് മാറ്റിയെടുക്കുകയാണ് വേണ്ടത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ ബോധവത്കരണത്തിലൂടെ പുകവലിയില്‍ വന്‍തോതില്‍ കുറവുവന്നിട്ടുണ്ട്. പുകവലിക്കുന്നവര്‍ക്ക് സമൂഹത്തില്‍ സ്വീകാര്യത കുറഞ്ഞിട്ടുണ്ട്.     കായിക വിനോദങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിലൂടെ പുകവലി കുറക്കാന്‍ കഴിയും. ഇതിനായി ഡി.ടി.പി.സി സൈക്ലിംഗ്, കയാക്കിംഗ് പോലുള്ളവ പ്രോത്സാഹിക്കുന്നുണ്ട്. ഇതില്‍ വിവിധ വകുപ്പുകളുടെ സഹകരണം കലക്ടര്‍ ആവശ്യപ്പെട്ടു. സ്‌കൂളുകളില്‍ ഫിറ്റ്‌നസ് പരിശോധിക്കാനായി ഈ വര്‍ഷം മുതല്‍ ഫിറ്റ്‌നസ് കാര്‍ഡുകള്‍ നല്‍കുന്നതായും കലക്ടര്‍ പറഞ്ഞു. പുകവലി നിരോധനത്തില്‍ ജില്ലയിലെ എക്‌സൈസ്, പൊലീസ് വകുപ്പുകള്‍ ക്രിയാത്മകമായി ഇടപെടുന്നതായും സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്നും കലക്ടര്‍ പറഞ്ഞു.     ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ.പി. ജയബാലന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഇന്‍ ചാര്‍ജ് ഡോ. എം.കെ. ഷാജ് ദിനാചരണ സന്ദേശം നല്‍കി. ഡെപ്യൂട്ടി ഡി.എം.ഒയും എന്‍.സി.ഡി ജില്ലാ നോഡല്‍ ഓഫീസറുമായ ഡോ. കെ.ടി. രേഖ വിഷയാവതരണം നടത്തി

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.