നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന് ശ്രമിച്ച സംഭവത്തിലെ പ്രതി ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്


പയ്യന്നൂര്: കുടുംബാംഗങ്ങള്ക്കൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന ഏഴു വയസ്സുകാരി നാടോടി ബാലികയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിക്കാന് ശ്രമിച്ച സംഭവത്തിലെ പ്രതി ബംഗളൂരുവിലേക്ക് കടന്നതായി പോലീസ്. പയ്യന്നൂര് സുരഭി നഗര് സ്വദേശിയും പോലീസ് സ്റ്റേഷനു പിന്നിലെ ക്വാര്ട്ടേഴ്സിലെ താമസക്കാരനുമായ പി. ടി. ബേബിരാജാണ് (32) മുങ്ങിയത്. സൈബര് സെല്ലിന്റെ സഹായത്തോടെ പ്രതിയെ പിടികൂന് ശ്രമങ്ങള് ആരംഭിച്ചതായും കേസന്വേഷണ ചുമതലയുള്ള പയ്യന്നൂര് ഇന്സ്പെക്ടര് എസ്. എച്ച്. ഒ. എം. പി. ആസാദ് പറഞ്ഞു. ഈ സംഭവത്തില് ഒത്തുതീര്പ്പിന് ശ്രമിച്ച അഭിഭാഷകന്റെ പേരില് കേസെടുക്കുമെന്നും ഇദ്ദേഹത്തെ ഉടന് ചോദ്യം ചെയ്യുമെന്നും പോലീസ് പറഞ്ഞു. പോക്സോ വകുപ്പില്പെടുന്ന സംഭവങ്ങള് ഒതുക്കി തീര്ക്കാന് ശ്രമിക്കുന്നത് കുറ്റകരമാണെന്നും അതിനാലാണ് 50,000 രൂപയുടെ ചെക്ക് നല്കി കേസൊതുക്കുന്നതിന് മുന്കൈ എടുത്ത അഭിഭാഷകനെ ചോദ്യം ചെയ്യുന്നതെന്നും പോലീസ് പറഞ്ഞു. നിയമങ്ങളറിയാവുന്ന അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായ ഈ നടപടിയെ ഗൗരവത്തോടെയാണ് കാണുന്നതെന്നും പോലീസ് പറഞ്ഞു. ഇതിനിടയില് ബേബിരാജും സഹോദരനും മാതാവും താമസിച്ചിരുന്ന കോര്ട്ടേഴ്സ് ശനിയാഴ്ച രാത്രിയിലെത്തിയ സംഘം വളയുകയും ബേബിരാജിനെ അന്വേഷിക്കുകയും ചെയ്ത സംഭവവുമുണ്ടായി. ഇതേ തുടര്ന്ന് ഇയാളുടെ സഹോദരനും മാതാവും കോര്ട്ടേഴ്സില്നിന്നും താമസം മാറ്റിയിരിക്കുകയാണ്. സംഭവദിവസം തന്നെ പോലീസ് വിവരമറിഞ്ഞിട്ടും ബൈക്ക് കസ്റ്റഡിയിലെടുത്തിട്ടും പരിക്കേറ്റ പ്രതിയുടെ ഫോട്ടോ പോലീസ് സ്റ്റേഷനില്വെച്ചെടുത്തിട്ടും തുടര്നടപടിയെടുക്കുന്നതിന് പോലീസ് വീഴ്ച വരുത്തിയതായും ആക്ഷേപമുണ്ട്.സംഭവമൊതുക്കാന് ചെക്ക് വാങ്ങിയ രക്ഷിതാവും കുടുങ്ങുമെന്നാണ് സൂചന. ബാലികയെ തട്ടിക്കൊണ്ടുപോകല്, തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന് ശ്രമം എന്നീ വകുപ്പുകളും പോക്സോയുമുള്പ്പെടെയുള്ള വകുപ്പുകള് ചേര്ത്താണ് ഇയാള്ക്കെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ ഒമ്പതിന് പുലര്ച്ചെ ഒന്നരയോടെയാണ് സംഭവം. പയ്യന്നൂര് സ്റ്റേഡിയം ഗ്രൗണ്ടിലെ വാഹന പാര്ക്കിങ്ങിന് തയ്യാറാക്കിയ ഷെഡ്ഡില് മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്നിരുന്ന നാടൊടി ബാലികയെയാണ് പ്രതി വായ പൊത്തിപ്പിടിച്ച് ബൈക്കില് തട്ടികൊണ്ട് പോകാന് ശ്രമിച്ചുവെന്നാണ് കേസ്. കുട്ടി ഒച്ചവെച്ചതിനെ തുടര്ന്നാണ് മാതാപിതാക്കള് ഉള്പ്പെടെ അവിടെയുറങ്ങിയിരുന്ന ആറോളം നാടോടി കുടുംബങ്ങള് ഉണര്ന്ന് പിന്തുടര്ന്നതിനെ തുടര്ന്ന് അക്രമി കുട്ടിയെ റോഡിലിട്ട് ബൈക്കില് രക്ഷപെടാനാണ് ശ്രമിച്ചത്. നാടോടികളുമായുള്ള ഉന്തിലും തള്ളിലും തലക്ക് പരിക്കേറ്റ ബേബിരാജിനെ വിവരമറിഞ്ഞെത്തിയ പോലീസാണ് പോലീസ് സ്റ്റേഷനിലും പിന്നീട് ചികിത്സക്കായി താലൂക്ക് ആശുപത്രിയിലുമെത്തിച്ചത്. പിറ്റേന്ന് രാവിലെ പോലീസ് സ്റ്റേഷനിലെത്തണമെന്ന് പോലീസ് നിര്ദ്ദേശം നല്കിയിരുന്നുവെങ്കിലും ആശുപത്രിയില്നിന്നും മുങ്ങിയ ഇയാള് പയ്യന്നൂരിലെ ഒരഭിഭാഷകന് വഴി ബാലികയുടെ പിതാവിന് 50000 രൂപയുടെ ചെക്ക് നല്കി പ്രശ്നം ഒതുക്കി തീര്ക്കാനുള്ള ശ്രമങ്ങളാണ് നടത്തിയത്. ബാലികയുടെ രക്ഷിതാക്കളോട് രാവിലെ സ്റ്റേഷനിലെത്താന് പറഞ്ഞിരുന്നുവെങ്കിലും അവരും എത്തിയില്ല എന്ന് പോലീസ് പറഞ്ഞു. വിവരമറിഞ്ഞ സിപിഎം നേതാക്കളാണ് ബാലികയുടെ രക്ഷിതാക്കളേയും കൂട്ടി പോലീസ് സ്റ്റേഷനിലെത്തി പരാതി കൊടുപ്പിക്കുന്നതിനുള്ള ശ്രമങ്ങള് നടത്തിയത്. ഒത്തുതീര്പ്പ് ശ്രമം പാളിയതോടെ പ്രതി വെള്ളിയാഴ്ച ഉച്ചയോടെ സ്ഥലം വിട്ടതായാണ് പോലീസ് അനേഷണണത്തിൽ കണ്ടെത്തിയത്. ചൈല്ഡ് ലൈന് പ്രവര്ത്തകരെത്തി ബാലികയില് നിന്ന് വിവരങ്ങള് ചോദിച്ചറിയുകയും വൈദ്യ പരിശോധക്ക് വിധേയമാക്കുകയും ചെയ്ത ശേഷം മജിസ്ട്രേറ്റ് മുമ്പാകെ ബാലികയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ഇന്നലെ രാവിലെ ബാലികയേയും അവളുടെ അഞ്ച് വയസുള്ള അനുജത്തിയേയും കണ്ണൂര് ചൈല്ഡ് സെന്ററിലേക്ക് മാറ്റി താമസിച്ചിരിക്കുകയാണ്.

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.