ജല പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു


പയ്യന്നൂർ: മാലിന്യ പ്രശനം നിലനിൽക്കുന്ന രാമന്തളിയിലെ മലിനബാധിത പ്രദേശത്തെ കിണർ വെള്ളം പരിശോധനയ്ക്ക് എത്തിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ ജന ആരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ തടഞ്ഞു.മാലിന്യപ്രശ്നം ആരംഭിച്ചതു മുതൽ കഴിഞ്ഞ ഒരു വർഷമായിട്ടും തുടരുന്ന ജല പരിശോധകൾ പ്രഹസനമാകുന്നുവെന്നാരോപിച്ചാണ് സമരസമിതി പ്രവർത്തകർ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ തടഞ്ഞത്.രാമന്തളിയിലെ മാലിന്യപ്രശ്നം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം ജലപരിശോധനയ്ക്ക് എത്തിയതായിരുന്നു ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ.
കിണറുകളിൽ മലിനജലം കയറുന്നതിന് ശ്വാശതമായ പരിഹാരം ഉണ്ടാക്കുവാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നതിനു പകരം ജനങ്ങളെ വിഡ്ഢികളാക്കുന്ന ജലപരിശോധന നാടകം അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സമരസമിതി പ്രവർത്തകർ. മലിനജലം നിറഞ്ഞ കെ പി പരമേശ്വരിയുടെ വിട്ടുകിണറിൽ പരിശോധനയ്ക്ക് എത്തിയപ്പോഴാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.സ്ത്രീകളടക്കമുള്ള സമരസമിതി പ്രവർത്തകർ സംഘടിച്ചെത്തിയതോടെ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്താതെ തിരിച്ചു പോയി. സമരസമിതി കൺവീനറും വാർഡ് മെമ്പറുമായ കെ പി രാജേന്ദ്രന്റെ നേതൃത്വത്തിൽ വിനോദ് കുമാർ രാമന്തളി, എം പത്മനാഭൻ ,പി പി പ്രേമൻ, സുധേഷ് പൊതുവാൾ, കെ വി ദാക്ഷായണി, കെ പി ശകുന്തള, കെ പി ശൈലജ എന്നിവരാണ് ഉദ്യോഗസ്ഥരെ തടഞ്ഞത്.അതിനിടയിൽ അശാസ്ത്രീയമായി നിർമ്മിച്ച മാലിന്യ പ്ലാന്റിന് മലിനീകരണ നിയന്ത്രണ ബോർഡ് നൽകിയ അനുമതി റദ്ദാക്കുന്നതിനായി സർക്കാരിൽ സമ്മർദ്ദം ചെലുത്തണമെന്ന ആവശ്യവുമായി ജന ആരോഗ്യ സംരക്ഷണ സമിതി 10 ന് രാമന്തളി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തും.അതേസമയം കഴിഞ്ഞ വർഷം പ്രദേശത്തെ കിണറുകളിൽ അധികരിച്ച നിരക്കിൽ കോളിഫോം ബാക്ടീരിയ കണ്ടെത്തൽ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയത്. നേവിയുടെ മാലിന്യ പ്ലാന്റിലൂടെ ‘രാസപദാർത്ഥങ്ങൾ കടത്തിവിട്ടതാണ് കോളിഫോം ബാക്ടീരിയയുടെ അളവിൽ ഗണ്യമായ കുറവ് വരുത്താനിടയാക്കിയതെന്ന് ജനങ്ങളിൽ നിന്ന് ആരോപണവുമുയർന്നിരുന്നു.ഇതേ തുടർന്ന് പഞ്ചായത്ത് ഭരണസമിതി മുൻകൈ എടുത്താണ് ജനങ്ങളുടെ സംശയ നിവാരണത്തിനായി ഇപ്പോഴത്തെ ജലപരിശോധനക്കുള്ള നടപടികൾ സ്വീകരിച്ചിരുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് എ.വി.ഗോവിന്ദൻ വ്യക്തമാക്കി. ജനഹിതം മാനിച്ച് ആരോഗ്യ വകുപ്പിന്റെ മികച്ച പരിശോധനാ സംവിധാനങ്ങളുള്ള കോഴിക്കോട്ടെ ലാബിലേക്ക് പരിശോധന നടത്താനാകാണ് ഇന്നലെ ആരോഗ്യ വകുപ്പധികൃതർ എത്തിയതെന്നും അത് ചിലർ തടഞ്ഞ സംഭവം ദൗർഭാഗ്യകരമായെന്നും പ്രസിഡൻറ് പറഞ്ഞു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.