പാടി തീർഥവും തണ്ണീർത്തടങ്ങളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക: ബഹുജന കൂട്ടായ്മ ഏപ്രിൽ 22 ന്

കണ്ണൂർ ജില്ലയിലെ കൊളച്ചേരി ഗ്രാമപഞ്ചായത്തിലെ പ്രധാന ജല സ്രോതസ്സായ പാടി തീർഥവും അനുബന്ധ തണ്ണീർത്തടങ്ങളും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നാട്ടുകാരുടെ ബഹുജന കൂട്ടായ്മ ഏപ്രിൽ 22 ന് രാവിലെ 10 മണിക്ക് പാടി തീർഥത്തിനു സമീപം നടക്കും. നൂറ്റാണ്ടുകളായി ഒരു ഗ്രാമത്തിന് ജീവജലം നൽകി വർഷം മുഴുവൻ നിലയ്ക്കാതെ പ്രവഹിക്കുന്ന നീരുറവയാണ് പാടി തീർഥം. ഇതിനോട് ചേർന്നു കിടക്കുന്ന പതിന്നൊന്ന് ഏക്കർ ഭൂമി ഒരു വനമേഖലയായിരുന്നു.ചെറു ചെറു നീരുറവകളും തണ്ണീർത്തടവും അരുവിയും ഇവിടെ ഉണ്ടായിരുന്നു. ഇവിടെ നിന്നുമാരംഭിക്കുന്ന കൊളച്ചേരി തോടാണ് ഏക്കറുകളോളം നീണ്ടു കിടക്കുന്ന കൊളച്ചേരി വയലിൽ കൃഷിക്ക് ജലസേചനത്തിനായി പ്രയോജനപ്പെടുന്നത്. സ്വകാര്യ വ്യക്തിയുടെ കൈവശമുണ്ടായിരുന്ന ഈ സ്ഥലം കൈമാറ്റം ചെയ്തതിനെ തുടർന്ന് 2011 ൽ വലിയ നശീകരണ പ്രവർത്തനങ്ങൾ നടന്നിരുന്നു. ജനങ്ങൾ ഇടപെട്ട് ചെറുത്തതിനെ തുടർന്ന് അവിടെ സ്ഥാപിക്കാനിരുന്ന കുപ്പിവെള്ള പദ്ധതി ഉപേക്ഷിച്ചു. എന്നാൽ വനമേഖലയെ പൂർണ്ണമായി നശിപ്പിക്കുകയും മരങ്ങൾ മുറിച്ചുകടത്തുകയും ചെയ്തു. പരമാവധി ലാഭം വസൂലാക്കി അവർ ഭൂമി വിറ്റ് ഒഴിഞ്ഞ് പോവുകയും ചെയ്തു. പുതുതായി ഏറ്റെടുത്ത ഭൂവുടമ അവിടെ ഏതാനും ദിവസങ്ങൾക്കുള്ളിൽ ദ്രുത വേഗത്തിൽ നശീകരണങ്ങൾ നടത്തുകയാണ്. ചതുപ്പുകൾ മണ്ണിട്ട് മൂടുകയും കുന്നിൻ ചെരിവ് ഇടിക്കുകയും കോൺക്രീറ്റ് റോഡ് നിർമ്മിക്കുകയും കെട്ടിട നിർമ്മാണം നടത്തുകയും ചെയ്തിരിക്കുന്നു. അവിടെയുള്ള ജൈവസമ്പത്ത് പരിപൂർണമായും ഇല്ലാതാക്കിയിരിക്കുന്നു. വിഷു ദിനത്തിൽ ഇതിനെതിരായി നാട്ടുകാരുടെ കർമ്മസമിതി രൂപീകരിക്കുകയും സമരപരിപാടികൾ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്രാമപഞ്ചായത്ത് ഇടപെട്ട് താല്ക്കാലികമായി പ്രവൃത്തികൾ നിർത്തിവെപ്പിച്ചിട്ടുണ്ട്. ശാശ്വതമായി ഈ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ടുകൊണ്ടാണ് കർമ്മസമിതി ബഹുജന കൂട്ടായ്മ സംഘടിപ്പിക്കുന്നത്. തീർത്ഥവും തണ്ണീർത്തടവും സർക്കാർ ഏറ്റെടുത്ത് സംരക്ഷിക്കുക എന്നതാണ് നാട്ടുകാരുടെ ആവശ്യം.നിലവിൽ അവിടെ നടക്കുന്ന പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കുക, ചതുപ്പുകളിലിട്ട മണ്ണ് നീക്കം ചെയ്ത് പൂർവസ്ഥിതിയിലേക്ക് കൊണ്ടുവരിക, കോൺക്രീറ്റ് റോഡും കെട്ടിടങ്ങളും പൊളിച്ച് മാറ്റുക, നീരുറവകളെ സ്വാഭാവികമായ രീതിയിൽ സംരക്ഷിക്കുക, തണ്ണീർത്തട ഡാറ്റാ ബാങ്കിൽ ഈ സ്ഥലം ഉൾപ്പെടുത്തുകയും നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ കൊണ്ടു വരികയും ചെയ്യുകഎന്നീ ആവശ്യങ്ങളും കർമ്മസമിതി ഉന്നയിക്കുന്നുണ്ട്. ഏപ്രിൽ 22 ന് രാവിലെ 9 മണി മുതൽ കൊളച്ചേരി വയലിന്റെ ഇരുകരകളിലുമുള്ള ആ ബാലവൃദ്ധം ജനങ്ങൾ ചെറു ജാഥകളായി പാടി തീർഥത്തിലേക്ക് പുറപ്പെടും.തീർഥത്തിന് സമീപം നടക്കുന്ന ബഹുജന കൂട്ടായ്മയിൽ ജനപ്രതിനിധികൾ,വിവിധ രാഷ്ട്രീയ, സാമൂഹ്യ സംഘടനാ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും. പ്രദേശം ഗവൺമെന്റ് ഏറ്റെടുത്ത് സംരക്ഷിക്കുന്നതു വരെയുള്ള സമര പരിപാടികളുടെ പ്രഖ്യാപനം കൂട്ടായ്മയിൽ വെച്ച് ഉണ്ടാവും

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.