രേഖകളില്ലാതെ കടത്തുകയായിരുന്ന മുപ്പത് ലക്ഷം രൂപയും 1 കിലോയോളം സ്വർണ്ണവും പിടികൂടി -ഒരാൾ പിടിയിൽ

ഇരിട്ടി :കിളിയന്തറ ചെക്ക് പോസ്റ്റിൽ എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിൽ  രേഖകളില്ലാതെ കർണ്ണാടകത്തിൽ നിന്നും ഇരിട്ടിയിലേക്ക് കടത്തുകയായിരുന്ന മുപ്പതു ലക്ഷം രൂപയും ഒരു കിലോവോളം സ്വർണ്ണവും പിടികൂടി. ഇതുമായി ബന്ധപ്പെട്ട് വയനാട് കമ്പളക്കാട് കൊട്ടേക്കാടൻ ഹൌസിൽ കെ.കെ. മുഹമ്മദ് ഇക്‌ബാൽ എന്നയാളെയും ഇവ കടത്താൻ ഉപയോഗിച്ച ഇന്നോവ കാറും   സംഘം കസ്റ്റഡിയിൽ എടുത്തു.  വ്യാഴാഴ്ച ഉച്ചക്ക് 2 മണിയോടെ മട്ടന്നൂർ റേഞ്ച് എക്സൈസ് സംഘവും  ചെക്കുപോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനക്കിടെയാണ് കുഴൽപ്പണവും സ്വർണ്ണവുമായി മുഹമ്മദ് ഇക്‌ബാൽ പിടിയിലാവുന്നത്. വീരാജ് പേട്ടയിൽ നിന്നും മാക്കൂട്ടം ചുരം  വഴി ഇരിട്ടിയിലേക്കു വരികയായിരുന്ന ഇന്നോവ കാറിൽ ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണവും സ്വർണ്ണവും.  അടുത്ത ഏതാനും മാസങ്ങൾക്കുള്ളിൽ   എക്സൈസ് സംഘവും , പോലീസും പല ഘട്ടങ്ങളിലായി  നടത്തിയ വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്തുകയായിരുന്ന  കോടിക്കണക്കിന് രൂപയുടെ പണവും , ലക്ഷങ്ങളുടെ കഞ്ചാവ് അടക്കമുള്ള  ലഹരി ഉത്പന്നങ്ങളും മറ്റും പിടികൂടിയിരുന്നു. ടൂറിസ്റ്റ് ബസ്സുകളിലും, സ്വകാര്യ വാഹനങ്ങളിലും, ചരക്കു വാഹനങ്ങളിലും  മറ്റും ഇത്തരം കള്ളക്കടത്ത് നടത്തുന്ന ഒരു വൻ സംഘം തന്നെ ഇതിനു പിന്നിൽ പ്രവർത്തുന്നതായാണ് വിവരം.  മട്ടന്നൂർ റേഞ്ച് എക്സൈസ് സംഘവും കിളിയന്തറ ചെക്ക്‌പോസ്റ്റ് എക്സൈസ് സംഘവും സംയുക്തമായി നടത്തിയ വാഹന പരിശോധനയിൽ കിളിയന്തറ എക്സൈസ് ഓഫീസർ ഹേമന്ത് കുമാർ, പ്രിവന്റീവ് ഓഫീസർമാരായ കെ.പി. പ്രമോദ്, കെ. അശോകൻ, ആനന്തകൃഷ്ണൻ,  സി ഇ ഒ മാരായ അനിൽകുമാർ, നിവിൽ , ദിനേശൻ, ഉണ്ണികൃഷ്ണൻ മട്ടന്നൂർ അസി. എക്സൈസ് ഇൻസ്‌പെക്ടർ പി. അബൂബക്കർ, ഉത്തമൻ എന്നിവർ പങ്കെടുത്തു. കസ്റ്റഡിയിൽ എടുത്ത മുഹമ്മദ് ഇക്‌ബാലിനേയും തൊണ്ടി  സാധനങ്ങളും  വിശദമായ അന്വേഷണങ്ങൾക്കായി  എക്സൈസ് സംഘം പിന്നീട് ഇരിട്ടി പൊലീസിന് കൈമാറി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.