ചിത്രലേഖക്ക് മഴയും വെയിലുമേൽക്കാതെ സമരം ചെയ്യാൻ കണ്ണൂർ ഡിസിസി സൗകര്യമൊരുക്കി

യു.ഡി.എഫ് സർക്കാർ അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള പിണറായി സർക്കാറിന്റെ തീരുമാനത്തിനെതിരെ അനിശ്ചിതകാല സമരം നടത്തുന്ന ദളിത് ഓട്ടോ ഡ്രൈവർ ചിത്രലേഖക്ക് വെയിലും മഴയും കൊള്ളാതെ സമരം നടത്താൻ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സതീശൻ പാച്ചേനി സൗകര്യമൊരുക്കി.
കഴിഞ്ഞ ദിവസം കെ.എം ഷാജി എം.എൽ.എയോടൊപ്പം ചിത്രലേഖയെ സന്ദർശിച്ച പാച്ചേനി സമരം നടത്തുന്ന ചിത്രലേഖയുടെ ദു:സ്ഥിതി നേരിൽക്കണ്ടതിന്റെ അടിസ്ഥാനത്തിലാണ്
 ആധുനിക രീതിയിൽ തന്നെ ഷെഡ് നിർമ്മിച്ച് നൽകിയത്.
സി.പിഎമ്മിന്റെ ജാതിവിവേചനത്തിനെതിരെയും നിരന്തര പീഢനങ്ങൾക്കെതിരെയും ദീർഘകാലമായി ചിത്രലേഖ പോരാട്ടത്തിലാണ്. ഉമ്മൻചാണ്ടി സർക്കാർ അനുവദിച്ച ഭൂമി റദ്ദാക്കിയ എൽ.ഡി.എഫ് സർക്കാറിന്റെ നടപടിക്കെതിരെയാണ് വീണ്ടും ചിത്രലേഖ അനിശ്ചിതകാല സമരരംഗത്തേക്ക് ഇറങ്ങിയത്.  സമര സ്ഥലത്ത് ഡി.സി.സിയുടെ നേതൃത്വത്തിൽ പുതിയ ഷെഡ് നിർമിച്ച് നൽകി.
 സമരം തുടങ്ങിയതിന് ശേഷം മഴയും വെയിലും കൊണ്ട് കഷ്ടപ്പെടുന്ന ചിത്രലേഖകയെയും കുടുംബത്തെയും അതിൽ നിന്നും സംരക്ഷിക്കാനാണ് സ്റ്റീൽ പൈപ്പും ഷീറ്റും ഉപയോഗിച്ചുള്ള ഷെഡ് നിർമിച്ച് നൽകാൻ ഡി.സി.സി തയ്യാറായത്. ചിത്രലേഖയുടെ പോരാട്ടം വിജയം കാണുന്നത് വരെ എല്ലാ സഹായങ്ങൾക്കും ഡി.സി.സി കൂടെയുണ്ടാകുമെന്നും ഡി.സി.സി പ്രസിഡണ്ട് സതീശൻ പച്ചേനി പറഞ്ഞു. ഷെഡ് നിർമാണത്തിനും ആവശ്യമായ എല്ലാ സഹായങ്ങൾക്കും ആ പ്രദേശത്തുകാരൻ കൂടിയായ യൂത്ത് കോൺഗ്രസ് നേതാവ് ഷറഫുദ്ധീൻ കാട്ടാമ്പള്ളിയുടെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജീവമായി രംഗത്തുണ്ട്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.