പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പാറുവേച്ചിക്ക് വിഷുക്കൈനീട്ടം നൽകി

പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ പാറുവേച്ചിക്ക് വിഷുക്കൈനീട്ടം നൽകി

കെ.കെ.എൻ പരിയാരം സ്മാരക ഹയർസെക്കണ്ടറി സ്കൂളിലെ പാചകത്തൊഴിലാളി പാറുവേച്ചിയുടെ ഈ വർഷത്തെ വിഷു പൂർവ്വ വിദ്യാർത്ഥികളുടെ വക. പരിയാരം ഹൈസ്കൂളിലെ 1996-97 വർഷത്തെ SSLC വിദ്യാർത്ഥികളുടെ കൂട്ടായ്മയായ '* ഒന്നിച്ചിരിക്കാം ഒരു വട്ടം കൂടി* 'യാണ്  പാറുവേച്ചിക്ക് വിഷു ഒരുക്കിയത്. 30 വർഷമായി പരിയാരം സ്കൂളിലെ പാചകക്കാരിയാണ് അവിവാഹിതയായ കെ.കെ. പാർവ്വതി.കഴിഞ്ഞവർഷം ഫിബ്രവരിയിലാണ് ഭക്ഷണം പാകം ചെയ്യുമ്പോൾ അബദ്ധത്തിൽ ശരീരത്തിന്റെ പിറക് വശത്ത് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റത്.പരിയാരം മെഡിക്കൽ കോളേജിലെ ചികിത്സക്കു ശേഷം ഇപ്പോൾ ഏകദേശം ഭേദമായി വരികയാണ്. ചികിത്സക്കും മറ്റ് ചിലവിനുമായി ഏറെ സാമ്പത്തിക പ്രയാസം അനുഭവിക്കുകയാണ്. സ്കൂൾ PTA യും വിദ്യാർത്ഥികളും മറ്റ് സന്നദ്ധ സംഘടനകളും ഇവരെ സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് പഴയകാല വിദ്യാർത്ഥികൾ അവരുടെ സംഗമത്തിന്റെ ഭാഗമായി പാറുവേച്ചിക്ക് വിഷുക്കൈനീട്ടവും വിഷുക്കോടിയും അരിയും പലവ്യഞ്ജനങ്ങളുമടങ്ങിയ വിഷുക്കിറ്റും നൽകിയത്.വീട്ടിൽ വെച്ച് നടത്തിയ ചടങ്ങിൽ  പി.പി. സുധീഷ്, മുഹമ്മദ് ജാബിർ, പി.രഞ്ജിത്ത്, നിഗേഷ്, വിനോദ്, വിമേഷ്, രേഷ്മ, പത്മജ, പുരുഷോത്തമൻ, രാജേഷ്, ഷിജോ, ഷൈജു, എന്നിവർ പങ്കെടുത്തു. പൂർവ്വ വിദ്യാർത്ഥികളുടെ സംഗമം ഈ മാസം 29-ന് പരിയാരം ഹൈസ്കൂളിൽ പ്രശസ്ത എഴുത്തുകാരനും കവിയുമായ കരിവെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും.

No comments

Powered by Blogger.