പുതിയങ്ങാടി - പഴയങ്ങാടി റോഡിൽ യാത്രക്കാർക്ക് നരകയാത്ര

പഴയങ്ങാടി∙ യാത്രക്കാരുടെ നടുവൊടിക്കുകയും പൊടിതിന്നു നരകയാത്ര നടത്തുകയും ചെയ്യണമെങ്കിൽ ഇവിടേക്ക് സ്വാഗതം. ഒരുമാസം കൊണ്ട് മാടായിപ്പള്ളി മുതൽ റെയിൽവേ അടിപ്പാലം വരെയുള്ള റോഡ് നവീകരിച്ചു മെക്കാഡം ടാറിങ് പൂർത്തിയാക്കുമെന്നു പറഞ്ഞ റോഡിലാണു പൊടിശല്യമേറെ. മൂക്കുപൊത്തിയാണ് ഇതുവഴി യാത്രക്കാർ പോകുന്നത്. മൂന്നു മാസം കഴിഞ്ഞിട്ടും മെക്കാഡം ടാറിങ് പ്രവൃത്തി പേരിനുപോലും തുടങ്ങിയിട്ടില്ല. ഓവുചാലുകളുടെ നിർമാണവും കലുങ്കുകളുടെ നിർമാണവുമാണു പൂർത്തിയായിവരുന്നത്.

കരാറുകാരന്റെയും അധികൃതരുടെയും തികഞ്ഞ അനാസ്ഥയിൽ റോഡ് പണി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ പ്രതിഷേധമുയർന്നപ്പോഴാണ് പണി അൽപം വേഗത്തിലായത്. എന്നാൽ ടാറിങ് പണി പൂർത്തിയാക്കുന്നതിനു മുൻപു ജനങ്ങളുടെ യാത്രാദുരിതം തീർക്കാനെന്ന പേരിൽ ഇതുവഴി ബസുകൾ ഉൾപ്പെടെയുള്ളവ താൽക്കാലികമായി ഓടാൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മറവിൽ ടാറിങ് പണി നീളുമോ എന്ന ആശങ്ക ജനത്തിനുണ്ട്. പൊടിശല്യം കാരണം നിരവധി വ്യാപാര സ്ഥാപനങ്ങൾക്ക് കൃത്യമായി തുറക്കാൻ പറ്റുന്നില്ല.

കച്ചവടം മൂന്നിലൊന്നായി ചുരുങ്ങി. പഴയങ്ങാടി– പുതിയങ്ങാടി മെക്കാഡം ടാറിങ് പ്രവൃത്തി മിന്നൽ വേഗത്തിൽ പൂർത്തിയാക്കുമെന്നു മാസങ്ങൾക്കു മുൻപ് പ്രവൃത്തി ഉദ്ഘാടനത്തിനു വന്ന വകുപ്പു മന്ത്രി പ്രഖ്യാപിച്ച റോഡിനാണ് ഈ ഗതികേട്. ടാറിങ് പ്രവൃത്തി നീളുന്നതിനെതിരെ ജനരോഷമിരമ്പുകയാണ്.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.