വഴിപാട് നിരക്ക് അഞ്ചിരട്ടി വരെ കൂട്ടി; പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്ര നടപടിക്കെതിരെ പ്രതിഷേധം
കണ്ണൂര്‍: പാവങ്ങളുടെ ദൈവമെന്ന നിലയില്‍ ഏറെ പ്രശസ്തമായിരുന്ന പറശ്ശിനിക്കടവ് ശ്രീ മുത്തപ്പന്‍ ക്ഷേത്രത്തില്‍ വഴിപാട് നിരക്ക് കുത്തനെ കൂട്ടിയത് പ്രതിഷേധത്തിന് ഇടയാക്കുന്നു. മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി കഴിഞ്ഞ ആഴ്ച വരെ രണ്ടു രൂപക്ക് വഴിപാടുണ്ടായിരുന്നു പറശ്ശിനിക്കടവില്‍.  പയംകുറ്റിക്കായിരുന്നു ഈ കുറഞ്ഞനിരക്ക്. മുത്തപ്പനുളള പ്രധാന വഴിപാടായിരുന്നു ഇത്. കഴിഞ്ഞ ദിവസം മുതല്‍ പയംകുറ്റി നിരക്ക് അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ച് 10 രൂപയാക്കി. 26.50 രൂപയ്ക്ക് നേരത്ത പറശ്ശിനിയില്‍ എല്ലാവഴിപാടുകളും നടത്താന്‍ പറ്റുമായിരുന്നു. ഇത് നാലുവര്‍ഷം മുമ്പ് ഉയര്‍ത്തി 72 രൂപയാക്കി. എന്നാല്‍ പുതുക്കിയ നിരക്കനുസരിച്ച് എല്ലാ വഴിപാടുകള്‍ക്കുമായി 170 രൂപ വേണം. തിരുവപ്പനക്ക് 50 രൂപയാണ് പുതിയ നിരക്ക്. കരിംകലശത്തിന് 40 രൂപയും വെള്ളാട്ടത്തിന് 20 രൂപയുമാണ് ഈടാക്കുന്നത്. 5 രൂപയുണ്ടായിരുന്ന വിളക്ക് മാലക്ക് 20 രൂപയാക്കി. 10 രൂപയായിരുന്ന ചോറൂണിന് ഇനി 40 രൂപയും നല്‍കണം.  മറ്റ് ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ജനകീയമുഖത്തോടെയാണ് പറശ്ശിനി മഠപ്പുരയുടെ പ്രവര്‍ത്തനം. ക്ഷേത്രത്തിലെത്തുന്നവര്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ എല്ലാ സമയത്തും ചായയും പയറും പ്രസാദമായി നല്‍കുന്നുണ്ട്.  രണ്ടുനേരം പ്രസാദസദ്യയും ഇവിടെ നല്‍കുന്നുണ്ട്. ക്ഷേത്രത്തിന്റെ ദൈനംദിന പ്രവര്‍ത്തന ചെലവ് വര്‍ദ്ധിച്ചതാണ് വഴിപാട് നിരക്ക് കൂട്ടാന്‍ ഇടയാക്കിയതെന്നാണ് ട്രസ്റ്റ് ബോര്‍ഡിന്റെ വിശദീകരണം

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.