മുണ്ടയാംപറമ്പ് മേടത്തിറ മഹോത്സവം

മുണ്ടയാംപറമ്പ്  മേടത്തിറ മഹോത്സവം    ഇരിട്ടി:ഉച്ചകഴിഞ്ഞാല്‍ ഉച്ഛരിക്കാന്‍ പാടില്ലാത്തദേശമെന്ന് പുകള്‍പെറ്റ മുണ്ടയാംപറമ്പ് ശ്രീ തറക്കുമീത്തല്‍ ഭഗവതി ക്ഷേത്രത്തിലെ പ്രശസ്തമായ  മേടത്തിറ   മഹോത്സവം 2018 ഏപ്രില്‍ 27,28,29 (കൊല്ലവര്‍ഷം 1193 മേടം 13,14,15) തീയ്യതികളില്‍ ആചാരപൂര്‍വ്വം കൊണ്ടാടുകയാണ്. വിവിധ ദേശക്കാര്‍ പങ്കെടുക്കുന്ന  കുണ്ടുങ്കരയൂട്ട് ഈ ഉത്സവത്തിന്റ ഒരു പ്രധാന ചടങ്ങാണ്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തില്‍ 9 തെയ്യങ്ങള്‍ കെട്ടിയാടാറുണ്ട് .വലിയ തമ്പുരാട്ടി, ചെറിയ തമ്പുരാട്ടി,അറവിലാന്‍ തെയ്യം,പെരുമ്പേശന്‍,രാപ്പോതിയോര്‍, ഓലേപ്പോതിയോര്‍ ഇവരുടെ മക്കള്‍ എന്നിങ്ങനെയാണ് തെയ്യങ്ങള്‍.
       ഭഗവതിയുടെ "ഓമനകല്ല്യാണം" എന്നാണ് മേടത്തിറ മഹോത്സവം പരമ്പരാഗതമായി അറിയപ്പെടുന്നത്. ദേവാസുര യുദ്ധസങ്കല്‍പ്പവുമായി ബന്ധപ്പെട്ടതാണ് മേടത്തിറ ഉത്സവമെന്നാണ് വിശ്വാസം.കുണ്ടുംകരയൂട്ടും ഇതിന്റെ ഭാഗമെന്നാണ് വിശ്വാസം. ദേവാസുരയുദ്ധത്തില്‍ വിജയിച്ച ഭഗവതി തന്റെ കൂടെയുള്ള ദേവഗണങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നു എന്നാണ്  കുണ്ടുംകരയൂട്ടിന്റെ സങ്കല്‍പ്പം. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ മുണ്ടയാംപറമ്പ് മേടത്തിറ വടക്കേ മലബാറിലെമ്പാടും പ്രശസ്തമാണ്.
        പ്രകൃതി അറിഞ്ഞനുഗ്രഹിച്ച പ്രദേശമാണ് മുണ്ടയാംപറമ്പ്.നിരവധി ഹരിതാഭമായ കാവുകള്‍ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്നു.അതില്‍ താഴെക്കാവിലാണ് ഭക്തര്‍ കോഴിയെ സമര്‍പ്പിക്കുന്നത്.താഴെക്കാവിലെ പ്രധാന ചടങ്ങ് കാവില്‍കലശമാണ്.ഇവിടെ നടത്തുന്ന മറികൊത്തല്‍ ചടങ്ങ് സര്‍വ്വവിഘ്നങ്ങള്‍ക്കും പരിഹാരമാണ്.     ആചാരവൈവിധ്യമാണ് ഈ ക്ഷേത്രത്തെ മറ്റ് ദേവീക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമാക്കുന്നത്. ഉത്തമ കര്‍മവും മധ്യമ കര്‍മവും ഉള്ള ക്ഷേത്രമാണിത്.ഇവിടെ ദേവിയെ വലിയ ഭഗവതിയെന്നും ചെറിയ ഭഗവതിയെന്നും ആരാധിക്കുന്നു.ദേവിയുടെ തറക്കുമീത്തല്‍ സ്ഥാനത്തിനാണു പ്രാധാന്യം.മേലെക്കാവാണ് തറക്കുമീത്തല്‍ സ്ഥാനം  തെയ്യങ്ങള്‍ക്ക് അകമ്പടിയായി ചെണ്ട ഉപയോഗിക്കാത്ത അപൂര്‍വ്വം ക്ഷേത്രങ്ങളില്‍ ഒന്നാണിത്.പണ്ട് കാലത്ത് ഉച്ചകഴിഞ്ഞാല്‍ ദേവിയുടെനാമം ഉച്ഛരിക്കാന്‍ പാടില്ലാത്ത സ്ഥലമായിരുന്നു ഇത്. അഥവാ "മിണ്ടാപറമ്പ് "എന്നായിരുന്നു കാലാന്തരത്തില്‍ അത് "മുണ്ടയാംപറമ്പ്" എന്നായി മാറിയെന്നാണ് വിശ്വാസം.ദേവാസുരയുദ്ധത്തില്‍ ചണ്ഢമുണ്ഡന്മാരെ ദേവി നിഗ്രഹിച്ചസ്ഥലമായതിനാലാണ് മുണ്ടയാംപറമ്പ് എന്ന പേരുണ്ടായതെന്ന ഒരു അഭിപ്രായം കൂടിയുണ്ട്. മണ്ഡലകാലത്തും ഉത്സവകാലങ്ങളിലും തുലാപ്പത്തിനും നവീകരണ കലശദിനത്തിനും ഒഴികെ സംക്രമദിവസങ്ങളില്‍ മാത്രമാണ് ക്ഷേത്രത്തില്‍ നടതുറക്കുന്നത്. എന്നാല്‍ താഴെക്കാവില്‍ എല്ലാ ചൊവ്വ,വെള്ളി ദിവസങ്ങളിലും കലശം ഉണ്ടാവാറുണ്ട്. ആചാരവൈവിധ്യം കൊണ്ടും ഐതിഹ്യ പ്പെരുമ കൊണ്ടും പ്രശസ്തമായ  ഈ ക്ഷേത്രം ഇരിട്ടി നഗരത്തില്‍ നിന്നും 10 കി.മി. വടക്ക്-കിഴക്ക് മാറിയാണ് സ്ഥിതിചെയ്യുന്നത്. വഴി:ഇരിട്ടി--മാടത്തില്‍--എടൂര്‍--മുണ്ടയാംപറമ്പ്കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.