പുതുതലമുറ കൈത്തറി രംഗത്തേക്ക് കടന്നുവരണം: മന്ത്രി എ.സി മൊയ്തീന്‍കണ്ണൂര്‍: പൊതുവിദ്യാലയങ്ങളിലെ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യമായി സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുന്ന പദ്ധതിയില്‍ ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ ഉല്‍പ്പാദനം നിര്‍വഹിച്ച കൈത്തറി തൊഴിലാളികള്‍ക്ക് അനുവദിച്ച 2.4 കോടി രൂപയുടെ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് വ്യവസായ വകുപ്പ് മന്ത്രി എ.സി മൊയ്തീന്‍ വിതരണം ചെയ്തു.  സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതി പ്രതിസന്ധിയിലായിരുന്ന കൈത്തറി രംഗത്തിന് പുത്തനുണര്‍വാണ് സമ്മാനിച്ചതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഷര്‍ട്ടിംഗ് വിഭാഗത്തില്‍ 513 തറികളില്‍ നിന്നായി 3.55 ലക്ഷം മീറ്റര്‍ തുണിയും സ്യൂട്ടിംഗില്‍ 310 തറികളില്‍ നിന്നായി 2.14 ലക്ഷം മീറ്റര്‍ തുണിയും ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. ലക്ഷ്യത്തെക്കാള്‍ കൂടുതല്‍ തുണി ഉല്‍പ്പാദിപ്പിക്കാന്‍ ജില്ലയ്ക്ക് സാധിച്ചതായും മന്ത്രി പറഞ്ഞു. യൂനിഫോം നെയ്ത വകയില്‍  കൈത്തറി തൊഴിലാളികള്‍ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 11.9 കോടി രൂപ കൂലിയായി നല്‍കി. ബാക്കിയുള്ള 35 ലക്ഷം രൂപ വിഷുവിന് മുമ്പ് വിതരണം ചെയ്യാന്‍ നടപടികള്‍ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജില്ലയിലെ കൈത്തറി മേഖലയ്ക്കായി 23.9 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചതെന്നും മന്ത്രി പറഞ്ഞു. കൈത്തറി മേഖലയുടെ നിലനില്‍പ്പിനും വളര്‍ച്ചയ്ക്കും പുതുതലമുറ ഈ മേഖലയിലേക്ക് കടന്നുവരേണ്ടത് അനിവാര്യമാണ്. യുവാക്കളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്ന രീതിയില്‍ തുണികളുടെ ഉല്‍പ്പാദനം, ഡിസൈനിംഗ്, വിപണനം തുടങ്ങിയ രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ വരേണ്ടതുണ്ടെന്നും അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.  ഏറ്റവും കൂടുതല്‍ പ്രൊഡക്ഷന്‍ ഇന്‍സെന്റീവ് നേടിയ എ.വി ഗോപാലന്‍ (കരിവെള്ളൂര്‍ വീവേഴ്സ്- 98,050 രൂപ), രാജാമണി കെ (കണ്ണപുരം വീവേഴ്സ്-78,996 രൂപ) എന്നിവരെ മന്ത്രി ചടങ്ങില്‍ ആദരിച്ചു.  കണ്ണൂര്‍ പോലിസ് മൈതാനിയില്‍ നടക്കുന്ന കൈത്തറി മേളയോടനുബന്ധിച്ച് നടന്ന ചടങ്ങില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അധ്യക്ഷനായി. കൈത്തറി ഡയരക്ടര്‍ കെ സുധീര്‍, സംസ്ഥാന കൈത്തറി തൊഴിലാളി ക്ഷേമനിധി ചെയര്‍മാന്‍ അരക്കന്‍ ബാലന്‍, കൗണ്‍സിലര്‍ അഡ്വ. ലിഷ ദീപക്, കെ.വി കുമാരന്‍, കെ.ടി അബ്ദുല്‍ മജീദ് തുടങ്ങിയവര്‍ സംസാരിച്ചു

കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.