അങ്കണവാടികള്‍ ഡിജിറ്റലാകുന്നു, സംസ്ഥാന പട്ടികയില്‍ കണ്ണൂരും
കണ്ണൂര്‍: രാജ്യത്തെ അങ്കണവാടികള്‍ ഡിജിറ്റല്‍ സാങ്കേതികവിദ്യയിലേക്ക് മാറുമ്പോള്‍ കണ്ണൂരിനും അഭിമാനിക്കാം. സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ ഒന്ന് കണ്ണൂരിനാണ്. കേന്ദ്ര വനിതാശിശുവികസന മന്ത്രാലയത്തിന്റെ നാഷണല്‍ ന്യൂട്രീഷന്‍ മിഷന്റെ ഭാഗമായാണ് അങ്കണവാടികളെ ഡിജിറ്റലാക്കുന്ന പ്രക്രിയയ്ക്ക് തുടക്കമാവുന്നത്.  കേരളത്തില്‍ നിന്ന് കണ്ണൂരിനെ കൂടാതെ വയനാട്, മലപ്പുറം ജില്ലകളിലെ അങ്കണവാടികളും ആദ്യഘട്ടത്തില്‍ ഡിജിറ്റലാവും. പദ്ധതിയുടെ ഭാഗമായി വര്‍ക്കര്‍മാര്‍ക്ക് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റമുള്ള ഫോണും സൂപ്പര്‍വൈസര്‍മാര്‍ക്ക് ടാബും നല്‍കും.  കണ്ണൂരില്‍ മാത്രം 2503 വര്‍ക്കര്‍മാരാണുള്ളത്. ഇവര്‍ക്കു മുഴുവന്‍ ഫോണുകള്‍ എത്തിച്ചു നല്‍കേണ്ടതുണ്ട്. നിലവില്‍ ഒരു മാസത്തിനകം പദ്ധതി നടപ്പില്‍ വരുത്താനാണ് നിര്‍ദ്ദേശം. ഇതിന്റെ പരിശീലനം ജില്ലയില്‍ നിന്ന് അഞ്ചു പേര്‍ക്ക് ലഭിച്ചു കഴിഞ്ഞു. ലോക ബാങ്ക് സഹായത്തോടെ നടപ്പാക്കുന്ന പദ്ധതിയില്‍ 60 ശതമാനം വിഹിതം കേന്ദ്രവും 40 ശതമാനം വിഹിതം സംസ്ഥാനവുമാണ് വഹിക്കുക.  അങ്കണവാടികളിലെ കണക്കുകള്‍ സൂക്ഷിക്കാന്‍ രജിസ്റ്ററിന് പകരം കോമണ്‍ ആപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ (സിഎസ്) ഡിജിറ്റല്‍ സംവിധാനം വരും. ശബ്ദ സന്ദേശങ്ങളോടുകൂടിയ സോഫ്റ്റ്‌വെയര്‍ വര്‍ക്കര്‍മാരുടെ ജോലി എളുപ്പത്തിലാക്കുന്ന തരത്തിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.  ഒരു ദിവസം ഹാജരായ കുട്ടികളുടെ എണ്ണമടക്കം അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്. പ്രായത്തിനനുസരിച്ച തൂക്കമുണ്ടോ എന്ന് പരിശോധിച്ച് കുട്ടികളുടെ ആരോഗ്യം വിലയിരുത്തുന്ന പഴയരീതിക്ക് പകരം മറ്റ് ഘടകം കൂടി അവലോകനം ചെയ്യാനും സോഫ്റ്റ്‌വെയറില്‍ സൗകര്യമുണ്ട്.  ഗുണഭോക്താക്കളായ കുട്ടികളുടെ അമ്മമാര്‍ക്ക് അങ്കണവാടിയുടെ സേവനങ്ങളെക്കുറിച്ച് സന്ദേശങ്ങള്‍ നല്‍കാനും ആധാര്‍കാര്‍ഡ് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യാനും സോഫ്റ്റ്‌വെയറിലൂടെ സാധിക്കും.  പദ്ധതി നടപ്പാക്കാന്‍ മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം സംസ്ഥാനത്ത് പൂര്‍ത്തിയായി. മൂന്ന് ജില്ലകളില്‍ നിന്നായി 12 പേരാണ് മാസ്റ്റര്‍ ട്രെയിനര്‍മാരായി പരിശീനലം പൂര്‍ത്തിയാക്കിയത്. അടുത്തഘട്ടത്തില്‍ ഫോണ്‍ വിതരണവും തുടര്‍ന്ന് വര്‍ക്കര്‍മാര്‍ക്കുള്ള പരിശീലനവും നടക്കും. അങ്കണവാടി നല്‍കുന്ന സേവനം കൂടുതല്‍ സുതാര്യമാക്കുകയാണ് ഡിജിറ്റല്‍ സംവിധാനത്തിന്റെ ലക്ഷ്യം


കണ്ണൂർജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.