കീഴാറ്റൂരില്‍ സമരം നടത്തുന്നത് കിളികളല്ല, കഴുകന്‍മാരാണ്; വയല്‍ക്കിളി സമരക്കാരെ അധിക്ഷേപിച്ച് ജി.സുധാകരന്‍

കണ്ണൂര്‍ കീഴാറ്റൂരില്‍ ദേശീയപാത വിരുദ്ധ സമരം നടത്തുന്ന സി.പി.എം വിമതരെ തള്ളിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ രംഗത്ത്. കീഴാറ്റൂരില്‍ സമരം നടത്തുന്നത് വയല്‍ക്കിളികളല്ലെന്നും കഴുകന്മാരാണെന്നും സുധാകരന്‍ നിയമസഭയില്‍ പറഞ്ഞു.
കീഴാറ്റൂരിലെ ബൈപ്പാസ് നിര്‍മാണത്തിനെതിരായ വിഷയത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി
പ്രദേശത്തെ 60 ഭൂവുടമകളില്‍ 56 പേരും ബൈപ്പാസിന് സ്ഥലം വിട്ടുകൊടുക്കാന്‍ സമ്മതപത്രം ഒപ്പിട്ടിട്ടുണ്ട്. നാലു പേര്‍ക്ക് വേണ്ടി നടത്തുന്ന സമരത്തിനൊപ്പമാണ് പ്രതിപക്ഷം നില്‍ക്കുന്നത്. വികസന വിരുദ്ധന്മാര്‍ മാരീച വേഷം പൂണ്ടിരിക്കുകയാണ്. ജീവിതത്തില്‍ ഒരിക്കല്‍ പോലും പാടത്ത് പോയിട്ടില്ലാത്തവര്‍ ഈ സമരക്കാര്‍ക്കിടയിലുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍ സമരം നടത്തിയത് കഴുകന്‍മാരല്ല, വയല്‍ക്കിളികളായ സി.പി.എമ്മിന്റെ അംഗങ്ങള്‍ തന്നെയാണെന്ന് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയ വി.ഡി. സതീശന്‍ വ്യക്തമാക്കി. സമരപ്പന്തല്‍ കത്തിക്കാന്‍ സി.പി.എമ്മിന് അനുവാദം നല്‍കിയത് ആരാണ് പോലീസ് കാഴ്ചക്കാരായി നോക്കി നില്‍ക്കെയാണ് സി.പി.എമ്മുകാര്‍ സമരപ്പന്തല്‍ കത്തിച്ചതെന്നും വി.ഡി സതീശന്‍ ആരോപിച്ചു. എന്നാല്‍ സമരപ്പന്തല്‍ കെട്ടിയത് അനുവാദമില്ലാതെയാണെന്ന് മാത്യു.ടി തോമസ് പറഞ്ഞു. മന്ത്രി മറുപടി നല്‍കിയതോടെ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കര്‍ തള്ളി.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.