തളിപ്പറമ്പില്‍ നഗരസഭ ബജറ്റ് അവതരണ യോഗത്തിനിടെ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടി

തളിപ്പറമ്പില്‍  നഗരസഭാ കൗണ്‍സിലില്‍ ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ കയ്യാങ്കളിയും സംഘര്‍ഷവും. ബജറ്റ് ചര്‍ച്ചക്കിടെയാണ് രൂക്ഷമായ വാക്കേറ്റവും കൈയ്യാങ്കളിയും നടന്നത്.വൈസ് ചെയര്‍പേഴ്സണ്‍ വത്സലാ പ്രഭാകരന്‍ അവതരിപ്പിച്ച ബജറ്റ് എട്ടുകാലി മമ്മൂഞ്ഞ് ചമയലാണെന്ന് ചര്‍ച്ചക്കിടെ പ്രതിപക്ഷ കൗണ്‍സിലര്‍ എം.ചന്ദ്രന്‍ ആരോപിച്ചിരുന്നു.

ചര്‍ച്ചയില്‍ അവസാനം സംസാരിച്ച വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ലീഗ് കൗണ്‍സിലറുമായ പി.കെ സുബൈര്‍ ഇതിന് മറുപടി പറഞ്ഞു. എട്ടുകാലി മമ്മൂഞ്ഞ് സ്ഥലം എം.എല്‍.എയാണെന്ന് സുബൈര്‍ തിരിച്ചടിച്ചു. ഇത് പ്രതിപക്ഷത്തെ പ്രകോപിതരാക്കി. പ്രതിപക്ഷ നേതാവ് കെ.മുരളീധരനും സുബൈറും തമ്മില്‍ വാക്കേറ്റം ആരംഭിച്ചു. ഇത് ഭരണ-പ്രതിപക്ഷാംഗങ്ങളില്‍ ചിലര്‍ കൂടി ഏറ്റെടുത്തതോടെയാണ് കാര്യങ്ങള്‍ കൈയ്യാങ്കളിയിലേക്ക് നീങ്ങിയത്. പ്രതിപക്ഷ അംഗങ്ങള്‍ സീറ്റ് വിട്ട് വിട്ട് എഴുന്നേറ്റ് യോഗ ഹാളിന്റെ മധ്യത്തിലറങ്ങിയതോടെ ലീഗ് കൗണ്‍സിലര്‍മാര്‍ പ്രതിരോധിച്ചു.

തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ മഹമൂദ് അള്ളാംകുളം ഇടപെട്ട് ഭരണ-പ്രതിപക്ഷ അംഗങ്ങളെ ശാന്തരാക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നിട് മറ്റ് കൗണ്‍സിലര്‍മാര്‍ ഇടപെട്ടാണ് സംഘര്‍ഷത്തില്‍ ഏര്‍പ്പെട്ടവരെ പിടിച്ചു മാറ്റി യോഗം തുടരാനായത്. ബജറ്റ് ചര്‍ച്ചയെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ക്ക് വേദിയാക്കിയ ഇരു വിഭാഗം അംഗങ്ങളുടെയും നടപടിയില്‍ അദ്ദേഹം നീരസം പ്രകടിപ്പിക്കുകയും ചെയ്തു. എം.എല്‍.എക്കും വൈസ് ചെയര്‍പേഴ്സണും എതിരായ പരാമര്‍ശങ്ങളോടുള്ള വിയോജിപ്പും ചെയര്‍മാന്‍ അറിയിച്ചു.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.