ഷുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍

കണ്ണൂര്‍: എടയന്നൂര്‍ ഷുഹൈബ് വധക്കേസില്‍ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. മട്ടന്നൂര്‍ പാലയോട് സ്വദേശികളായ സജ്ഞയ്, രജത് എന്നിവരാണ്  അറസ്റ്റിലായത്. ഇതോടെ  കേസില്‍ അറസ്റ്റിലാവൂന്നവരുടെ എണ്ണം എട്ടായി.
ഗൂഢാലോചന, ആയുധം ഒളിപ്പില്‍ എന്നീ കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. കൃത്യം നിര്‍വഹിച്ച പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചതും ഇവരാണ്. ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് ഇടപെട്ട ഒരാളെ കണ്ടെത്താനുണ്ടെന്നും ഇതിനുള്ള തെരച്ചിലിലാണെന്നും അന്വേഷണ സംഘം വ്യക്തമാക്കി.
ഷുഹൈബിനെ വെട്ടാന്‍ ഉപയോഗിച്ചവാളുകളും പ്രതികള്‍ രക്ഷപ്പെട്ട കാറും കഴിഞ്ഞ ദിവസങ്ങളില്‍ കണ്ടെത്തിയിരുന്നു.

കൊലയില്‍ നേരിട്ട് പങ്കെടുത്തവരുള്‍പ്പെടെ അറസ്റ്റിലായിട്ടും ആയുധങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കവെ ഹൈക്കോടതിയും ആയുധങ്ങള്‍ കണ്ടെടുക്കാനാവാത്തതെന്തുകൊണ്ടെന്ന ചോദ്യം ഉന്നയിച്ചു. ആയുധങ്ങള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുന്നുവെന്ന സൂചന മാത്രമാണ് പൊലീസ് ഇതുവരെ നല്‍കിയത്. ആയുധങ്ങള്‍ പലയിടങ്ങളിലായി മാറ്റുന്നതാണ് കണ്ടെത്തുന്നതിന് തടസമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയതിനു പിന്നാലെ പ്രതികള്‍ അറസ്റ്റിലാവുന്നതിലും ആയുധങ്ങള്‍ പിടികൂടുന്നതിലും ദുരൂഹതയുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

കഴിഞ്ഞ പന്ത്രണ്ടിന് രാത്രി പത്തരയോടെയാണ് ഷുഹൈബ് കൊല്ലപ്പെട്ടത്. കൊലയാളികള്‍ ഉപയോഗിച്ച രണ്ടാമത്തെ കാറും പൊലീസ് കണ്ടെടുത്തു. കൊലയാളി സംഘത്തില്‍പെട്ട അഖിലിന്റെ സുഹൃത്ത് പാലയോട്ടെ വിജിലിന്റെ ഉടമസ്ഥതയിലുള്ളതാണ് മാരുതി 800 കാര്‍. ഷുഹൈബ് വധക്കേസ് സി.ബി.ഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് പിതാവ് സി.പി.മുഹമ്മദും മാതാവ് എസ്.പി.റസിയയും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇനി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.