കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ലൈറ്റ്‌ അപ്രോച്ച്‌ സ്‌ഥാപിക്കുന്നതിനു വേണ്ടിയുള്ള സ്‌ഥലം എറ്റെടുക്കല്‍ നീളുന്നു

മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ലൈറ്റ്‌ അപ്രോച്ച്‌ സ്‌ഥാപിക്കുന്നതിനു വിട്ടുനല്‍കിയ വീടും സ്‌ഥലത്തിന്റെയും രജിസ്‌ട്രേഷന്‍ നടപടികള്‍ ഉടന്‍ നടത്തണമെന്ന പ്രഖ്യാപനം നീളുന്നു. കഴിഞ്ഞ ജനവരി 20 ന്‌ കുടിയിറക്കു വിരുദ്ധ കര്‍മ്മ സമിതിയുടെ നേതൃത്വത്തില്‍ പാറാപൊയിലില്‍ പ്രവൃത്തി നടക്കുന്ന സ്‌ഥലത്ത്‌ ഉപരോധം നടത്തിയപ്പോള്‍ കിയാല്‍ എം.ഡി. നേരിട്ട്‌ എത്തി സമരക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ കഴിഞ്ഞ മാസം അവസാനത്തോടെ ഭൂമി ഏറ്റെടുത്ത്‌ പണം നല്‍കുമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നു.ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ സമരം പിന്‍വലിച്ചത്‌. എന്നാല്‍ മാര്‍ച്ച്‌ മാസം തുടങ്ങിട്ട്‌ പോലും ഒരു നടപടി ഉണ്ടായിട്ടില്ല. ഇതിന്‌ വേണ്ട ഫണ്ട്‌ കണ്ടെത്തുവാന്‍ സര്‍ക്കാര്‍ ഇപ്പോള്‍ കിന്‍ഫ്രയെ ഏല്‍പ്പിച്ചിരിക്കുകയാണ്‌. ഇതും എപ്പോള്‍ ലഭിക്കുമെന്ന്‌ കാര്യത്തിന്‍ ഒരു തീരുമാനവും ഉണ്ടായിട്ടില്ല. ഇതിനും പുറമെ പുതുതായി നിരവധി പേര്‍ സ്‌ഥലം ഏറ്റെടുക്കണമെന്ന്‌ ആവശ്യപ്പെട്ടിട്ട്‌ സമരത്തിന്‌ ഇറങ്ങിട്ടുണ്ട്‌.
ലൈറ്റ്‌ അപ്രോച്ചു സ്‌ഥാപിക്കാന്‍ കല്ലേരിക്കര പാറാപ്പൊയില്‍ മേഖലയില്‍ നിന്നു 11 ഏക്കര്‍ സ്‌ഥലമാണ്‌ ഏറ്റെടുക്കാന്‍ വിമാനത്താവള കമ്പനിയായ കിയാല്‍ തീരുമാനിച്ചത്‌. ഈ സ്‌ഥലം എറ്റെടുക്കുമ്പോള്‍ 56 വീട്ടുക്കാരെയാണ്‌ കുടിയൊഴിപ്പിക്കുന്നത്‌. ഇവര്‍ക്കുള്ള നഷ്‌ട പരിഹാരം മാസങ്ങള്‍ക്ക്‌ മുമ്പ്‌ ജില്ലാ കലക്‌ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നിശ്‌ചയിക്കുകയും ചെയ്‌തിരുന്നു. ഇതേ തുടര്‍ന്നു വീട്ടുകാര്‍ സ്‌ഥലത്തിന്റെ രേഖകള്‍ രജിസ്‌റ്റര്‍ ചെയുന്നതിനു അധികൃതര്‍ക്ക്‌ കൈമാറിയെങ്കിലും മാസങ്ങള്‍ കഴിഞ്ഞിട്ടും സ്‌ഥലം ഏറ്റെടുക്കാതെ വന്നതോടെയാണ്‌ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്ത്‌ വന്നത്‌.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.