യുഡിഎഫ് നാളെ നടത്തുന്ന രാപകൽ സമരത്തിൽ നിന്നു മുസ്‌ലിം ലീഗ് വിട്ടുനിന്നേക്കും

കണ്ണൂർ∙ യുഡിഎഫ് നാളെ നടത്തുന്ന രാപകൽ സമരത്തിൽ നിന്നു മുസ്‌ലിം ലീഗ് വിട്ടുനിന്നേക്കും. എല്ലാ നിയോജകമണ്ഡലങ്ങളിലും നടത്താൻ നിശ്ചയിച്ച രാപകൽ സമരത്തിലെ പയ്യന്നൂർ, തളിപ്പറമ്പ് മണ്ഡലങ്ങളിലെ പരിപാടികളിൽ നിന്നു മുസ്‌ലിം ലീഗ് വിട്ടു നിന്നേക്കും. മറ്റു മണ്ഡലങ്ങളിലെ സമരത്തിൽ പങ്കെടുക്കുന്ന കാര്യത്തിൽ ലീഗ് അന്തിമതീരുമാനമെടുത്തിട്ടില്ല. സംസ്ഥാന വ്യാപകമായി സർക്കാരിനെതിരെ യുഡിഎഫ് നടത്തുന്ന സമരം കണ്ണൂരിൽ സിപിഎം അക്രമങ്ങൾക്കെതിരെയുള്ള സമരമായി നടത്താനായിരുന്നു തീരുമാനം. എന്നാൽ തളിപ്പറമ്പ്, പയ്യന്നൂർ മണ്ഡലങ്ങളിൽ മുന്നണിക്കകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് മുൻകൈയെടുക്കുന്നില്ല എന്നതാണ് ലീഗിന്റെ ആരോപണം.

കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലീഗിനെതിരെ മത്സരിച്ച വിമതസ്ഥാനാർഥിയെ വിജയിപ്പിക്കാൻ സിപിഎമ്മിനു കോൺഗ്രസിന്റെ സഹകരണം ലഭിച്ചിരുന്നു. ലീഗിന്റെ പ്രസിഡന്റ് സ്ഥാനാർഥി ഒരു വോട്ടിനു പരാജയപ്പെടുകയും ചെയ്തു. ഈ പ്രശ്നത്തിനു പരിഹാരം കാണാൻ കോൺഗ്രസ് ശ്രമിക്കുന്നില്ലെന്നാണ് ലീഗിന്റെ പരാതി. പയ്യന്നൂരിലെ കോളജ് നിയമനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാത്തതാണു പയ്യന്നൂർ മണ്ഡലത്തിലെ അകൽച്ചയ്ക്കു കാരണം. സിപിഎം അക്രമത്തിനെതിരായ സമരത്തിന് അനുകൂല ജനവികാരമുയരുന്ന വേളയിൽ തന്നെ മുന്നണിക്ക് അകത്ത് പ്രശ്നങ്ങളുണ്ടാകുന്നതു യുഡിഎഫിന് ക്ഷീണമാകും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.