സുധാകരന്‍ മനോനില തെറ്റിയ ക്രിമിനല്‍: ഇ പി ജയരാജന്‍

മനോനില തെറ്റിയ ക്രിമിനലായ സുധാകരന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്ന് സി പി എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജന്‍ എം എല്‍ എ. കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ഇ പി ജയരാജനെ വെല്ലുവിളിച്ചുകൊണ്ട് നടത്തിയ പരാമര്‍ശത്തോട് പ്രതികരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ജയരാജന്‍. സുധാകരന്‍ പണവും തോക്കും നല്‍കി അയച്ച ക്വട്ടേഷന്‍ സംഘമാണ് പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് തീവണ്ടിയില്‍ മടങ്ങവെ തന്നെ കൊലപ്പെടുതാന്‍ ശ്രമിച്ചത്. സത്യത്തില്‍ പിണറായി വിജയനെയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. അദ്ദേഹത്തെ കിട്ടാഞ്ഞപ്പോഴാണ് തന്നെ കൊല്ലാന്‍ ശ്രമിച്ചത്. ഈ സംഭവത്തില്‍ ഓങ്കോള്‍ കോടതിയില്‍ ഗൂഢാലോചന കുറ്റത്തിനുള്ള കേസ് സുധാകരനെതിരെ നിലവിലുണ്ട്. തനിക്കെതിരെ കേസില്ലെന്ന് സുധാകരന്‍ പറയുന്നത് കളവാണ്. പിന്നെ തന്റെ കഴുത്തില്‍ വെടിയുണ്ട ഇല്ലെന്നും ഉണ്ടെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയജീവിതം മതിയാക്കുമെന്ന വെല്ലുവിളിക്ക് മറുപടി പറയുന്നില്ല. കാരണം സുധാകരനെപ്പോലെ നിലവാരം കുറഞ്ഞവനല്ല താന്‍. ഈ രാഷ്ട്രീയ ക്രിമിനലിന് മുന്നില്‍ തനിക്ക് തെളിവ് നല്‍കേണ്ട ആവശ്യവുമില്ല. കോടതിയില്‍ മെഡിക്കല്‍ റിപ്പോര്‍ട്ട് നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വെടിവെച്ച ആറുപേരെ ഓങ്കോള്‍ കോടതി ശിക്ഷിച്ചിരുന്നത്. ക്രിമിനല്‍ രാഷ്ട്രീയം കണ്ണൂരില്‍ നടപ്പിലാക്കിയത് സുധാകരനാണ്. സുധാകരന്‍ ഡി സി സി പ്രസിഡണ്ടായിരുന്ന കാലത്ത് ഡി സി സി ഓഫീസില്‍ ബോംബ് നിര്‍മ്മാണവും ക്വട്ടേഷന്‍ പ്രവര്‍ത്തനവുമാണ് നടന്നത്. ഇത് താന്‍ മാത്രമല്ല കോണ്‍ഗ്രസ് നേതാവ് പി രാമകൃഷ്ണന്‍ തന്നെ പറഞ്ഞതാണ്. എന്നിട്ട് പത്രസമ്മേളനം വിളിച്ച് തന്നെ നല്ലവനാക്കി ചിത്രീകരിക്കണമെന്ന് പറയുന്നു. ഒരു കാലത്ത് ക്വട്ടേഷന്‍ സംഘത്തെ കൊണ്ടുവന്ന് തളിപ്പറമ്പ് ചുടല കേന്ദ്രീകരിച്ച് വിദേശത്ത് നിന്നും വരുന്ന മലയാളികളെ കൊള്ളയടിക്കുകയായിരുന്നു സുധാകരന്‍. തനിക്കെതിരെ സുധാകരന്‍ നടത്തുന്ന ഇത്തരം വെല്ലുവിളി അവജ്ഞയോടെ തള്ളിക്കളയുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.