ഇരിട്ടി പേരട്ട നരിമടക്കോളനിയിലെ ആദിവാസി യുവാവ് ചികിത്സകിട്ടാതെ മരിച്ച സംഭവം; ഡി എം ഒ വീട് സന്ദർശിച്ചു

ഇരിട്ടി : പേരട്ട നരിമടക്കോളനിയിലെ ആദിവാസി യുവാവ് രാജു മതിയായ ചികിത്സകിട്ടാതെ മരിക്കാനിടയായ സംഭവം വിവാദമായതോടെ ജില്ലാ മെഡിക്കൽ ഓഫീസറും ഇരിട്ടി തഹസിൽദാറും , എം എൽ എയും   അടക്കമുള്ള സംഘം രാജുവിന്റെ വീട് സന്ദർശിച്ചു.  ഭാര്യ സീമയെ കണ്ടു ഇവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു. 
ബർച്ചയോടെ ആയിരുന്നു  രാജു തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സക്കിടെ മരണമടഞ്ഞത്. ക്ഷയരോഗി  ആയിരുന്ന രാജുവിനെ ഇരിട്ടി ആശുപത്രിയിൽ നിന്നും തലശ്ശേരിയിലേക്കു  വിദഗ്ദ്ദ ചികിത്സക്കായി ആംബുലൻസിൽ  വിടുകയായിരുന്നു. ശക്തമായ ശ്വാസം മുട്ടൽ അനുഭവപ്പെട്ടിരുന്ന രാജുവിന് മതിയായ ചികിത്സനൽകുന്നതിൽ കാണിച്ച അനാസ്ഥയാണ് മരണകാരണമെന്ന്  പ്രതിപക്ഷ  രാഷ്ട്രീയ പാർട്ടികളും ആദിവാസി സംഘടനകളും ആരോപണമുയർത്തി   രംഗത്ത് വന്നതിനെ  തുടർന്നാണ് ഡി എം ഒ അടക്കമുള്ള സംഘം മരണപ്പെട്ട രാജുവിന്റെ കുടുംബത്തെ സന്ദർശിച്ച് വിവരങ്ങൾ ആരാഞ്ഞത്. 
ഐ ടി ഡി പി യുടെ ധനസഹായം വീട്ടിൽ വെച്ച് അഡ്വ. സണ്ണി ജോസഫ് എം എൽ എ രാജുവിന്റെ കുടുംബത്തിന് കൈമാറി. രാജു മരിക്കാനിടയായ സംഭവത്തിൽ വീഴ്ചയുണ്ടെങ്കിൽ അവ കണ്ടെത്തി കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും കുടുംബത്തിന് സർക്കാർ  മതിയായ ധനസഹായം നൽകണമെന്നും എം എൽ എ ആവശ്യപ്പെട്ടു. 
സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തി  റിപ്പോർട്ട് സമർപ്പിക്കുവാനായി ഡെപ്യൂട്ടി ഡി എം ഒ യെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ട്  ലഭിച്ച ഉടനെ ആരോഗ്യ മന്ത്രിക്കും, ആരോഗ്യ ഡയറക്ടർക്കും റിപ്പോർട്ട് സമർപ്പിക്കുമെന്നും വീഴ്ച പറ്റിയിട്ടുണ്ടെങ്കിൽ കാരണക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഡി എം ഒ നാരായണ നായിക്ക് പറഞ്ഞു. രാജുവിന്റെ കുടുംബത്തിന്  ലക്ഷം രൂപ ധനസഹായം ആവശ്യപ്പെട്ട് മുഖ്യമത്രിക്കും,  മന്ത്രിക്കും ഫാക്സ് സന്ദേശം നൽകിയതായി പായം പഞ്ചായത്ത് പ്രസിഡന്റ് എൻ. അശോകൻ പറഞ്ഞു. 
സംഘത്തിൽ ഡി എം ഒ , എം എൽ എ എന്നിവരെകൂടാതെ ഡി പി എം കെ.വി. ലതീഷ്, ഇരിട്ടി താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പി.പി. രവീന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം തോമസ് വർഗ്ഗീസ്, പായം ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് എൻ. അശോകൻ, ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരൻ, ഡപ്യൂട്ടി തഹസിൽദാർ പത്മാവതി, വാർഡംഗം പി. എം.സുരേഷ് എന്നിവരും ഉണ്ടായിരുന്നു. ഡി എം ഓ യും മറ്റും എത്തുന്നതറിഞ് ഇരിട്ടി എസ് ഐ സഞ്ജയ്കുമാർ, ഉളിക്കൽ എസ് ഐ ശിവൻ ചോടോത്ത്  എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സുരക്ഷയും ഒരുക്കിയിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.