പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെ കൊലപാതകം: പ്രതി കീഴടങ്ങി
പയ്യന്നൂര്‍: കണ്ണൂര്‍ താഴെചൊവ്വ തിലാന്നൂരിലെ നൗഫലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. ചെറുവത്തൂര്‍ സ്വദേശി പൊള്ളയില്‍ പ്രകാശനാ (42) ണ് പയ്യന്നൂര്‍ സി.ഐ എം.പി.ആസാദ് മുഖേന കീഴടങ്ങിയത്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.    തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് പീഡിപ്പിക്കാനിടയുണ്ടെന്ന് കാണിച്ച് പ്രതി ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയിരുന്നു. ഇത് തളളിയ സാഹചര്യത്തിലാണ് ഇന്ന് രാവിലെ പയ്യന്നൂര്‍ സി.ഐക്ക് മുമ്പാകെ കീഴടങ്ങിയത്.    കഴിഞ്ഞ നവംബര്‍ 9 ന് രാവിലെയാണ് നൗഫലിനെ പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷനില്‍ മരിച്ച നിലയില്‍ കാണപ്പെട്ടത്. മര്‍ദ്ദനത്തെ തുടര്‍ന്നുണ്ടായ പരിക്ക് കാരണം ആന്തരിക രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ചെറുവത്തൂരില്‍ നിന്നും മര്‍ദ്ദനമേറ്റ നൗഫല്‍ പരിക്കുകളോടെ ചെറുവത്തൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നും കണ്ണൂരിലേക്കുള്ള പാസഞ്ചര്‍ ട്രയിനില്‍ കയറുകയും പയ്യന്നൂരില്‍ ഇറങ്ങുകയുമായിരുന്നു. ചെറുവത്തൂരില്‍ വെച്ചാണ് നൗഫലിന് മര്‍ദ്ദനമേറ്റതെന്ന് അന്വേഷണത്തില്‍ വ്യക്തമാവുകയും മൂന്നംഗ സംഘത്തെക്കുറിച്ച് വിവരം ലഭിക്കുകയുമായിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രകാശനാണ് മര്‍ദ്ദിച്ചതെന്ന് തെളിഞ്ഞത്. ഇതോടെ പൊലീസ് പിടികൂടുമെന്നായപ്പോഴാണ് ഹൈക്കോടതിയെ മുന്‍കൂര്‍ ജാമ്യത്തിനായി സമീപിച്ചത്. എന്നാല്‍ കൊല്ലണമെന്ന ഉദ്ദേശത്തോടയല്ല മര്‍ദ്ദനം എന്ന് അന്വേഷണത്തില്‍ വ്യക്തമായതിനാല്‍ പ്രതിക്കെതിരെ മനഃപൂര്‍വ്വമല്ലാത്ത നരഹത്യക്ക് കേസെടുത്തു.കണ്ണൂര് ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.