വയൽക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ സഹോദരനെ ജോലിയിൽ നിന്ന് നീക്കി; പാർട്ടി വിരുദ്ധ പ്രവർത്തനത്തിന് മാപ്പെഴുതി നൽകിയാൽ തിരിച്ചെടുക്കാമെന്ന്
കീഴാറ്റൂര്‍: കീഴാറ്റൂരില്‍ 25 മുതല്‍ സമരം ശക്തിപ്പെടുത്താനിരിക്കെ പുതിയ തന്ത്രവുമായി സമരവിരോധികള്‍. കീഴാറ്റൂരിലേക്ക് പുറത്തുനിന്നാരെയും കയറ്റില്ലെന്ന നിലപാടിലാണ് സമരവിരോധികള്‍ തന്ത്രം മെനയുന്നത്.

അതേസമയം സുരേഷ് കീഴാറ്റൂരിന്റെ സഹോദരന്‍ രതീഷ് ചന്ദ്രോത്തിനെ ജോലിയില്‍ നിന്ന് നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് മാപ്പെഴുതി നല്‍കിയാല്‍ തിരിച്ചെടുക്കാമെന്നാണ് ആവശ്യം. ലേബര്‍ ഓഫീസര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായിട്ടില്ല. സമരത്തിന്റെ പ്രതികാര നടപടിയായാണ് പിരിച്ചുവിടല്‍.     ശനിയാഴ്ച സി.പി.എമ്മിന്റെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തുന്നുണ്ട്. ഞായറാഴ്ചയാണ് വയല്‍ക്കിളികള്‍ കീഴാറ്റൂരിലേക്ക് കേരളത്തിന്റെയാകെ ശ്രദ്ധക്ഷണിച്ചുള്ള മാര്‍ച്ച് നടത്തുന്നത്. തളിപ്പറമ്പില്‍ നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് കീഴാറ്റൂരിലാണ് സമാപിക്കുക. കേരളത്തിലെ പരിസ്ഥിതി സംഘടനകളുടെ നേതാക്കളും സാംസ്‌കാരിക നായകരുമുള്‍പ്പെടെ വന്‍ ജനാവലിയെയാണ് ഞായറാഴ്ച കീഴാറ്റൂര്‍ സമരത്തിന് പ്രതീക്ഷിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനാണ് സി.പി.എം ഒരുമുഴം മുമ്പേ മാര്‍ച്ച് സംഘടിപ്പിക്കുന്നത്.     എന്നാല്‍ ഇതിനിടയില്‍ സമരത്തെ ദുര്‍ബ്ബലപ്പെടുത്താനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് പുറത്തുനിന്നുള്ളവരെ കീഴാറ്റൂരില്‍ കയറ്റില്ലെന്ന നീക്കം. കീഴാറ്റൂരില്‍ കഴിഞ്ഞ ദിവസം വയല്‍ക്കിളി നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിനു നേരെ ആക്രമണം നടന്നിരുന്നു. കീഴാറ്റൂരിലെ സി.പി.എം പ്രവര്‍ത്തക അനിലയുടെ വീടിന്റെ ചില്ലുകള്‍ ഇന്നലെ രാത്രി ആരോ എറിഞ്ഞു തകര്‍ത്തതായും പരാതിയുണ്ട്. സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ അക്രമം നടത്തിയത് ബി.ജെ.പിയാണെന്ന എം.വി.ഗോവിന്ദന്‍ മാസ്റ്ററുടെ പ്രസ്ഥാവനയ്‌ക്കെതിരെ രംഗത്തെത്തിയ ബി.ജെ.പി സി.പി.എമ്മാണ് അക്രമത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. അതേസമയം അക്രമികളാരെന്ന് പോലീസ് കണ്ടെത്തട്ടെ എന്ന നിലപാടാണ് സുരേഷ് കീഴാറ്റൂര്‍ സ്വീകരിച്ചത്. പുറത്തുനിന്നുള്ളവരെ കീഴാറ്റൂരില്‍ കയറ്റില്ലെന്ന നിലപാടി ഞായറാഴ്ചത്തെ സമരത്തെ ലക്ഷ്യമിട്ടുള്ളതാണെന്ന് സൂചനയുണ്ട്. സംഘര്‍ഷ സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.     പുറത്തുനിന്നുള്ള സാംസ്‌കാരിക പ്രവര്‍ത്തകരെയും ഉള്‍പ്പെടെയുള്ളവരെ തടയാനുള്ള നീക്കമുണ്ടെന്നും സംശയിക്കപ്പെടുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെയും കീഴാറ്റൂരിലേക്ക് പ്രവേശിപ്പിക്കാതെ പ്രതിരോധമാണ് സമരവിരോധികള്‍ ലക്ഷ്യമിടുന്നത്.


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.