വയൽക്കിളികളുടെ നേതൃത്വത്തിൽ "കേരളം കീഴാറ്റൂരിലേക്ക്​ " മാര്‍ച്ച്‌​ ഇന്ന്​
കണ്ണൂര്‍: നെല്‍വയല്‍ നികത്തി ദേശീയപാത നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ 'കേരളം കീഴാറ്റൂരിലേക്ക്' മാര്‍ച്ച് ഇന്ന്.

സംഘര്‍ഷ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പ്രദേശം പൊലീസ് വലയത്തിലാണ്. വയല്‍ക്കിളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടത്തുന്ന ബഹുജന മാര്‍ച്ചിലും പൊതുയോഗത്തിലും നിരവധി പേർ പങ്കെടുക്കും. തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇന്നലെ തളിപ്പറമ്പില്‍ നടന്ന സര്‍വകക്ഷി യോഗത്തില്‍ വയല്‍ക്കിളികളുടെ മാര്‍ച്ചിന് അനുമതി നല്‍കി.    ഞായറാഴ്ച ഉച്ചക്ക് രണ്ടിന് തളിപ്പറമ്പ് നഗരത്തില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുക. രണ്ടരയോടെ കീഴാറ്റൂര്‍ വയലില്‍ പൊതുയോഗം ആരംഭിക്കും. ആറുമണിയോടെ സമരം അവസാനിപ്പിക്കുന്ന രീതിയിലാണ് പരിപാടിയെന്ന് സമരനായകന്‍ സുരേഷ് കീഴാറ്റൂര്‍ പറഞ്ഞു. സുരേഷ് ഗോപി എം.പി, വി.എം. സുധീരന്‍, സാറാ ജോസഫ്, അനസൂയാമ്മ തുടങ്ങിയവര്‍ മാര്‍ച്ചില്‍ പങ്കെടുക്കും.    പരിസ്ഥിതി, സന്നദ്ധ സംഘടനകളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. മാര്‍ച്ചിന് അനുമതി നല്‍കിയെങ്കിലും സമരക്കാരും സി.പി.എം പ്രവര്‍ത്തകരുമായി സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികളാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. അഞ്ച് കമ്പനി സായുധസേനയെ നഗരത്തില്‍ വിന്യസിച്ചിട്ടുണ്ട്.     ശനിയാഴ്ച രാത്രി തന്നെ നഗരം സുരക്ഷാവലയത്തിലായി. മാര്‍ച്ച് നടക്കുന്ന ഇന്ന് കൂടുതല്‍ പൊലീസുകാരെയും റിസര്‍വ് പൊലീസുകാരെയും വിന്യസിക്കും.  പ്രകോപനങ്ങള്‍ ഉണ്ടാകാതെ നോക്കണമെന്ന് പൊലീസുകാര്‍ സമരക്കാര്‍ക്ക് ശക്തമായ നിര്‍ദേശങ്ങളും നല്‍കിയിട്ടുണ്ട്.

വയൽക്കിളികളുടെ സമരത്തിനെതിരേ നാടിനു കാവൽ എന്ന മുദ്രാവാക്യവുമായി സി.പി.എം.ന്റെ നേതൃത്വത്തിൽ ശനിയാഴ്ച തളിപ്പറമ്പിൽ പ്രകടനം നടത്തിയിരുന്നു


കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.