കണ്ണൂര്‍ ഒരുങ്ങി; യൂത്ത് ലീഗ് യുവജനയാത്ര പ്രഖ്യാപനം നാളെ...
കണ്ണൂര്‍: സമകാലിക വിഷയങ്ങള്‍ ഉയര്‍ത്തി മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന യുവജനയാത്രയുടെ പ്രഖ്യാപനത്തിന് കണ്ണൂര്‍ ഒരുങ്ങി. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് നടത്തുന്ന കാല്‍നട പ്രയാണത്തിന്റെ പ്രഖ്യാപന സമ്മേളനം നാളെ വൈകുന്നേരം 3.30ന് സ്റ്റേഡിയം കോര്‍ണ്ണറില്‍ നടക്കും. മുസ്ലിം യൂത്ത് ലീഗ് സമര ചരിത്രത്തിലെ രണ്ടാം അധ്യായമായ യുവജനയാതയുടെ പ്രഖ്യാപനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. യൂത്ത്ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് മുനവ്വിറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യാത്രയുടെ ലോഗൊ പ്രകാശനം മുസ്ലിംലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി നിര്‍വഹിക്കും. അഖിലേന്ത്യ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സെക്രട്ടറി എം.പി അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പ്ി.എ മജീദ്, പി.കെ.കെ ബാവ, നിയമസഭാ പാര്‍ട്ടി ലീഡര്‍ ഡോ.എം.കെ മുനീര്‍, കെ.എം ഷാജി എം.എല്‍.എ, വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുറഹ്മാന്‍ കല്ലായി, എം.എല്‍.എമാര്‍, യൂത്ത്ലീഗിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിമാര്‍, ദേശീയ ഭാരവാഹികള്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഒരു മാസം നീണ്ടുനില്‍ക്കുന്ന യുവജനയാത്ര കാസര്‍കോട് നിന്ന് തുടങ്ങി 600 കി.മീറ്റര്‍ സഞ്ചരിച്ചാണ് തിരുവനന്തപുരത്ത് സമാപിക്കുക. നവംബര്‍ അവസാന വാരത്തില്‍ തുടങ്ങി ഡിസംബര്‍ അവസാനം സമാപിക്കുന്ന യാത്രയുടെ വിശദാംശങ്ങള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനവിരുദ്ധ നയങ്ങള്‍ തുറന്ന് കാട്ടുന്നതാകും യുവജന യാത്രയെന്ന് യൂത്ത്ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അക്രമ രാഷ്ട്രീയത്തിനും വര്‍ഗീയതക്കുമെതിരെ ചെറുത്ത് നില്‍പ്പായി യുവജനയാത്ര മാറുമെന്നും ഫിറോസ് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.കെ സുബൈര്‍, ജില്ലാ പ്രസിഡന്റ് പി.വി ഇബ്രാഹിം, ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത് എന്നിവരും പങ്കെടുത്തു...

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.