സെന്‍ട്രല്‍ ജയില്‍ വക ഹൈടെക് കഫ്റ്റീരിയ വരുന്നുകണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിന്റെ ഭക്ഷ്യനിര്‍മാണ യൂണിറ്റിന്റെ ഭാഗമായി ജയില്‍ പരിസരത്ത് ഹൈടെക് കഫ്റ്റീരിയ വരുന്നു. ഏകദേശം ഒന്നരക്കോടിയോളം ചെലവിട്ട് തുടങ്ങുന്ന, രണ്ടുനിലയില്‍ പ്രവര്‍ത്തിക്കുന്ന കഫ്റ്റീരിയയില്‍ എയര്‍കണ്ടീഷന്‍ ചെയ്ത ഹാളും ഉണ്ടാവും. ജയിലില്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ബിരിയാണിക്കും മറ്റു ചിക്കന്‍ വിഭവങ്ങള്‍ക്കും പുറമെ ചോറുള്‍പ്പെടെ മറ്റെല്ലാ വിഭവങ്ങളും ലഭ്യമാക്കും. കുടുംബങ്ങള്‍ക്ക് ഒന്നിച്ചുവന്ന് ചെറിയ കൂടാരങ്ങളിലിരുന്ന് ഭക്ഷണം കഴിക്കാനുള്ള സംവിധാനവും ഉണ്ടാകും. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ വിശാലമായ സ്ഥലവും ഒരുക്കും. സെന്‍ട്രല്‍ജയിലിന് എതിര്‍വശത്തെ ഒന്നരയേക്കര്‍ സ്ഥലമാണ് ഇതിനായി ഉപയോഗപ്പെടുത്തുന്നത്. ആധുനികസൗകര്യങ്ങളുള്ള കഫ്റ്റീരിയ ആണെങ്കിലും ചപ്പാത്തിക്ക് രണ്ടുരൂപ തന്നെയായിരിക്കും വില. ചിക്കന്‍കറിക്ക് മുപ്പത് രൂപയും ബിരിയാണിക്ക് അറുപത് രൂപയും. പുറത്ത് 15 രൂപയുടെ കുപ്പിവെള്ളത്തിന് ഇവിടെ പത്തുരൂപയാണ് ഈടാക്കുക. ഫാസ്റ്റ്ഫുഡ് ഹോട്ടലുകളിലെന്നപോലെ 'ലൈവ്ഫുഡ്' വിതരണവും ഉണ്ടാകും. കഫ്റ്റീരിയ വഴി മാത്രം വര്‍ഷം ഒന്നരക്കോടിയോളം രൂപയുടെ വിറ്റുവരവ് പ്രതീക്ഷിക്കുന്നു. അതിനിടെ ജയിലില്‍നിന്ന് ലഭിക്കുന്ന ലാഭത്തിന്റെ പകുതി വകുപ്പിനുതന്നെ നല്‍കാന്‍ കഴിഞ്ഞ ബജറ്റില്‍ തീരുമാനമുണ്ട്. നിലവില്‍ മുഴുവന്‍ ലാഭവും ട്രഷറിയില്‍ത്തന്നെയാണ് അടയ്ക്കുന്നത്. കഫ്റ്റീരിയക്ക് പുറമെ സംസ്ഥാനത്തെ മൂന്നു ജയിലുകളോടനുബന്ധിച്ച് ഐ.ഒ.സി. പെട്രോള്‍ പമ്പും തുടങ്ങുന്നുണ്ട്. ഇതിനുള്ള കരാര്‍ ഒപ്പുവെച്ചുകഴിഞ്ഞു. കണ്ണൂര്‍ ഉള്‍പ്പെടെ മൂന്നു ജയിലുകളിലും ഇതിനായി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. ഉടന്‍തന്നെ പമ്പ് സ്ഥാപിക്കും. അതേസമയം വിലയില്‍ വ്യത്യാസമുണ്ടാകില്ല. പൊതുജനങ്ങള്‍ക്ക് നിലവിലെ പെട്രോള്‍-ഡീസല്‍ വിലതന്നെയായിരിക്കും. അതേസമയം സര്‍ക്കാര്‍വാഹനങ്ങള്‍ക്ക് ഇന്ധനത്തിന് നിശ്ചിതവില കുറച്ചുകൊടുക്കാനും സാധ്യതയുണ്ട്. അത് എത്രയെന്ന് തീരുമാനിച്ചിട്ടില്ല. ആന്ധ്ര, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നേരത്തേതന്നെ ജയില്‍വളപ്പില്‍ ഐ.ഒ.സി. പെട്രോള്‍പമ്പുകള്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചാര്‍ജില്‍ വ്യത്യാസമില്ല. നിര്‍മാണം നിര്‍മിതികേന്ദ്രത്തിന് കഫ്റ്റീരിയയുടെ നിര്‍മാണം നിര്‍മിതികേന്ദ്രത്തിനാണ്. ഒന്നാം ഗഡുവായ 90 ലക്ഷം നിര്‍മിതി കേന്ദ്രത്തിന് കൈമാറി. ഏപ്രില്‍ 13-ന് മുഖ്യമന്ത്രി കഫ്റ്റീരിയയുടെ തറക്കല്ലിടാന്‍ തീരുമാനിച്ചിരുന്നെങ്കിലും തീയതി പിന്നീട് മാറ്റി. ജയിലില്‍ ഇപ്പോള്‍ ഭക്ഷ്യനിര്‍മാണ യൂണിറ്റില്‍ ജോലിചെയ്യുന്ന നാല്‍പ്പതുപേര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ക്ക് പരിശീലനവും തൊഴിലും നല്‍കും
കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.