ദുരൂഹത ഉയർത്തി കൂട്ടുപുഴയിൽ കർണ്ണാടക വനം - റവന്യൂ വകുപ്പുകളുടെ സർവേ


ഇരിട്ടി : ദുരൂഹത ഉയർത്തി കേരള കർണ്ണാടക അതിർത്തിയിൽ പുതുതായി കൂട്ടുപുഴ പാലം നിർമ്മിക്കുന്ന മേഖലയിൽ കർണ്ണാടക  വനം -  റവന്യൂ വകുപ്പുകളുടെ സർവേ . കെ എസ് ടി പി റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ടു കേരളത്തെയും കർണ്ണാടകത്തെയും ബന്ധിപ്പിക്കുന്ന കൂട്ടുപുഴ പാലവും പുനർ നിർമ്മിക്കുന്നുണ്ട്. ഇതിന്റെ പ്രവർത്തികൾ പുരോഗമിക്കവേ കർണ്ണാടക വനം - റവന്യൂ വകുപ്പുകൾ ചേർന്ന് കർണ്ണാടക അതിർത്തിയിൽ പുതുതായി സർവ്വേക്കല്ല് സ്ഥാപിച്ചുകൊണ്ട് ഇതിന്റെ  നിർമ്മാണപ്രവർത്തികൾ തടഞ്ഞിരുന്നു. പ്രതിസന്ധിക്കു പരിഹാരം കാണാൻ കഴിയാതെ നീണ്ടുപോകുന്ന അവസ്ഥയിലാണ് ചൊവ്വാഴ്ച കർണാടകത്തിന്റെ ഭാഗത്തുനിന്നും ഇരു വകുപ്പുകളുടെയും നേതൃത്വത്തിൽ പാലം നിർമ്മാണ പ്രദേശത്തു സർവേക്കെത്തിയത്.
 നിരവധി ഫയലുകളോടെ മാപ്പുകളുമായി  പത്തോളം പേർ അടങ്ങിയ  സംഘം രാവിലെ പത്ത് മണിയോടെയാണ് സ്ഥലത്ത് എത്തിയത്. ഇവർ കേരളത്തിന്റെ ഭാഗത്തു നടന്നുവരുന്ന പാലം നിർമാണത്തിന്റെ ഫോട്ടോ പകർത്തി. ഈ  സമയം സ്ഥലത്തെത്തിയ കേരളത്തിലെ മാദ്ധ്യമപ്രവർത്തകരെ ഇവരുടെ ഫോട്ടോ എടുക്കുന്നതിൽ നിന്നും സംഘം വിലക്കി. മാധ്യമ പ്രവർത്തകർ ആണെന്ന് അറിഞ്ഞതോടെ സംഘത്തലവൻ അവർ വന്ന വാഹനത്തിൽ കയറിയിരുന്നു. സർവേക്കെത്തിയതാണെന്നു പറഞ്ഞെങ്കിലും മാദ്ധ്യമപ്രവർത്തകരുടെ മറ്റ് ചോദ്യങ്ങൾക്കൊന്നും സംഘം മറുപടി നൽകാതെ അല്പസമയത്തിനുശേഷം  മടങ്ങി.
 പാലം നിർമ്മാണത്തിൽ ഉണ്ടായ പ്രതിസന്ധി പരിഹരിക്കാൻ ചീഫ് സിക്രട്ടറി തലത്തിലും ,റവന്യൂ സിക്രട്ടറി തലത്തിലും കഴിഞ്ഞ ദിവസം ഇടപെടലുകൾ നടത്തിയിരുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം പൂർണ്ണമായും തങ്ങളുടേതാണെന്നാണ് കർണാടകത്തിന്റെ അവകാശ വാദം. എന്നാൽ മാക്കൂട്ടം റോഡ് വരെയുള്ള ഭാഗം കേരളത്തിന്റെ റവന്യൂ ഭൂമിയാണെന്ന് തെളിയിൽക്കുന്ന രേഖകൾ തങ്ങളുടെ കൈവശം ഉണ്ടെന്നു കേരളാ റവന്യൂ വകുപ്പും അവകാശപ്പെടുന്നു. കൂട്ടുപുഴ വരെയുള്ള ഭാഗം തങ്ങളുടേതാണെന്ന് തെളിയിക്കാൻ പര്യാപ്തമായ യാതൊരു രേഖയും കർണ്ണാടക അധികൃതർ കാണിക്കുന്നുമില്ല.
സംസ്ഥാന പുനഃസംഘടനാ സമയത്ത് ഇരു സംസ്ഥാനങ്ങളും സംയുക്തമായി നിർണ്ണയിച്ച അതിർത്തി രേഖ കേരളാ റവന്യൂ സംഘത്തിന്റെ പക്കൽ ഉണ്ട്. എന്നാൽ ബ്രിട്ടീഷ് ഭരണകാലത്ത് ബ്രഹ്മഗിരി വന്യ ജീവി സങ്കേതം പ്രഖ്യാപിച്ചപ്പോൾ അതിർത്തിയായ കണക്കാക്കിയ കൂട്ടുപുഴ വരെയുള്ള രേഖ ആധികാരിക രേഖയായി കാണിച്ചാണ് കർണ്ണാടകം വാദിക്കുന്നത്. ഇതിന് നിയമ സാധുത ഇല്ലെന്നിരിക്കെ കർണ്ണാടകം ഇപ്പോൾ നടത്തിയ സർവേയിൽ ദുരൂഹത നിലനിൽക്കുകയാണ്. പ്രതിസന്ധി പരിഹരിക്കാനായില്ലെങ്കിൽ മഴക്കാലത്തിനു മുൻപ്  പാലം പണി പൂർത്തീകരിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാവും.

കണ്ണൂര്‍ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.