ഓർമ്മയുണ്ടോ ഈ മുഖം: കണ്ണൂരിന്റെ ദുഃഖപുത്രി-അസ്ന ഇനി മുതൽ ഡോക്ടർ-അസ്ന

കൂത്തുപറമ്പ് :കണ്ണൂരിന്റെ ദുഃഖപുത്രിയായിയിരുന്നു ഏറെ കാലം അസ്ന. ഇനി വേദനിക്കുന്നവരുടെ കണ്ണീരൊപ്പാൻ അവർക്ക് സാന്ത്വനമായി ഇനി അസ്നയുണ്ടാവും.
ആരും മറന്നു കാണുമെന്ന് തോന്നുന്നില്ല ചെറുവാഞ്ചേരിയിലെ അസ്നയെ. കണ്ണും കാതുമില്ലാത്ത കണ്ണൂരിലെ അക്രമ രാഷ്ട്രീയം കാരണം അസ്നയ്ക്ക് നഷ്ടമായത് സ്വന്തം വലതുകാൽ. കൃത്രിമ കാലിൽ നടന്നു പഠിച്ച അസ്ന വിധിക്കെതിരെ തുഴഞ്ഞു.അങ്ങിനെ അസ്ന ഇന്ന് മെഡിക്കൽ ബിരുദം നേടി ഡോക്ടറായിരിക്കുന്നു. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് എം.ബി.ബി.എസ്.പരീക്ഷയിൽ വിജയിച്ച കാര്യം അസ്ന അറിഞ്ഞത്.ഇതോടെ ഡോക്ടർ എന്ന താൽക്കാലിക റജിസ്ട്രേഷൻ പദവി അസ്നയ്ക്ക് ലഭിച്ചു. ഇനി ഒരു വർഷത്തെ ഹൗസ് സർജൻസി കോഴ്സു കൂടി പൂർത്തിയാക്കിയാൽ സ്ഥിരം ഡോക്ടർ പദവി ലഭിക്കും.2013ലായിരുന്നു അസ്ന മെഡിക്കൽ കോളേജിൽ പ്രവേശനം നേടിയത്.

2000 സെപ്തംബർ 27ന് നടന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പ് ദിനത്തിലാണ് സഹോദരൻ ആനന്ദിനൊപ്പം വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന അഞ്ചു വയസുകാരിയായ അസ്നയുടെ നേർക്ക് ബോംബു വന്നു വീണത്. ബോംബേറിൽ ആനന്ദിനും പരിക്കേറ്റിരുന്നു.വീടിനു സമീപം പൂവത്തൂർ ന്യൂ.എൽ.പി.സ്കൂളിലായിരുന്നു പോളിംഗ് സ്റ്റേഷൻ. അവിടെയുണ്ടായ അക്രമത്തിനിടെ എറിഞ്ഞ ബോംബ് അസ്നയുടെ വീട്ടുമുറ്റത്തേക്ക് വീഴുകയായിരുന്നു.പരിക്കേറ്റ അസ്നയ്ക്ക് പിന്നീട് വലതുകാൽ മുറിച്ചു മാറ്റേണ്ടി വന്നു. എന്നാൽ വിധിക്കെതിരെയുള്ള പോരാട്ടമായിരുന്നു അസ്നയ്ക്ക് തുടർന്നുള്ള ജീവിതം. കൃത്രിമ കാൽ ഘടിപ്പിച്ചായിരുന്നു ഓരോ കാൽവെപ്പും. മിടുക്കിയായ അസ്ന അങ്ങിനെ ഡോക്ടറാകാൻ പഠിച്ചു തുടങ്ങി.

ഇതിനിടെ കോൺഗ്രസ്  പ്രവർത്തകരുടെ നേതൃത്വത്തിൽ പണം സ്വരൂപിച്ച് നിർധനരായ അസ്നയുടെ കുടുംബത്തിന് വീട് നിർമ്മിച്ചു നല്കി.മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയുടെ  നിർദ്ദേശ പ്രകാരം അസ്നയ്ക്ക് ഉപയോഗിക്കാൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രത്യേക സൗകര്യവും ഏർപ്പാട് ചെയ്തിരുന്നു.

ഡോക്ടർ പദവി ലഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും പരിക്കേറ്റ് ഏറെ കാലം ആശുപത്രിയിൽ കഴിയേണ്ടിവന്ന കാലത്ത് മനസിൽ ഉടലെടുത്ത ആഗ്രഹമാണ് ഡോക്ടറാവുക എന്നതെന്നും അസ്ന പങ്കുവച്ചുകണ്ണൂര്ക ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.