നായാട്ടിനിടെ ബന്ധുവായ വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവത്തിൽ രണ്ട് പേര്‍ അറസ്റ്റില്‍


പയ്യന്നൂര്‍: കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെ വീട്ടമ്മയ്ക്ക് വെടിയേറ്റ കേസില്‍ രണ്ടു പേര്‍ അറസ്റ്റില്‍. ഓലയമ്പാടി മടക്കാംപൊയില്‍ കോടന്നൂര്‍ സ്വദേശികളായ അന്നൂക്കാരന്‍ വിനീഷ് വിജയന്‍ (29)കുണ്ടത്തില്‍ സൈനേഷ് (24), എന്നിവരെയാണ് പെരിങ്ങോം പോലീസ് അറസ്റ്റു ചെയ്തത്. സംഭവത്തിന് ശേഷം ഒളിപ്പിച്ച് വെച്ചിരുന്ന കള്ളത്തോക്ക് കോടന്നൂരിലെ മലമുകളിലെ ഗുഹയില്‍ നിന്ന് പോലീസ് കണ്ടെടുത്തു.   പെരിങ്ങോം എസ്.ഐ.മഹേഷ്.കെ.നായര്‍, എഎസ്.ഐമാരായ മനോജ്, കൃഷ്ണന്‍, സിപിഒമാരായ ഷൈജു, സതീശന്‍ എന്നിവര്‍ അടങ്ങിയ സംഘം വാര്‍ഡ് മെമ്പറുടെ സാന്നിധ്യത്തിലാണ് പ്രതി ഒളിപ്പിച്ച് വെച്ച കള്ളത്തോക്ക് കണ്ടെടുത്തത്. വീട്ടമ്മയ്ക്ക് വെടിയേറ്റ സംഭവത്തിന് ശേഷം തോക്ക് ഗുഹയില്‍ ഒളിപ്പിച്ചു വെക്കുകയായിരുന്നുവെന്ന് പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. സംശയം തോന്നിയ വീട്ടമ്മയുടെ ബന്ധുവായ സൈനേഷിനെ ഇതേ തുടര്‍ന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു.    കള്ളത്തോക്ക് ഉപയോഗിച്ച് കാട്ടുപന്നിയെ വെടിവെക്കുന്നതിനിടെയാണ് പറമ്പില്‍ ഉണ്ടായിരുന്ന അടുത്ത ബന്ധുവായ കുണ്ടത്തില്‍ ജാനകി(64)യുടെ ദേഹത്ത് വെടിയേറ്റത് എന്ന് ചോദ്യം ചെയ്യലില്‍ പ്രതി സമ്മതിച്ചു. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് സൈനേഷിനെ അറസ്റ്റുചെയ്യുകയായിരുന്നു. സൈനേഷിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് കൂട്ടാളിയായ വിനീഷിനെ പോലീസ് കസ്റ്റഡിയിലെത്തത്.    ഇക്കഴിഞ്ഞ 23ന് വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു വീട്ടുപറമ്പില്‍ നില്‍ക്കുകയായിരുന്ന ജാനകിക്ക് വെടിയേറ്റത്. മംഗലാപുരത്തെ ആശുപത്രിയിലെ ചികിത്സക്കിടയിലാണ് ഇവരുടെ ദേഹത്ത് നിന്ന് വെടിയുണ്ടകള്‍ നീക്കം ചെയ്തത്. പ്രതികളെ പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി


കണ്ണൂർ ജില്ലാ വാര്‍ത്തകള്‍ക്കായി കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.