മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഷുഹൈബിന്റെ പിതാവ്; സിബിഐ അന്വേഷണം വേണം

മട്ടന്നൂര്‍ ഷുഹൈബ്‌ വധക്കേസില്‍ സി ബി ഐ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ ഷുഹൈബിന്റെ പിതാവ് രംഗത്ത്. മകന്റെ കൊലപാതകത്തില്‍സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് കുടുംബം വ്യക്തമാക്കി.

മകന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണം. എന്തിന് വേണ്ടി ഇത് ചെയ്തു എന്ന് അറിയണം. എന്റെ മകനുമായി ബന്ധമില്ലാത്തവരാണ് കൊലപാതകം നടത്തിയവരെല്ലാം. അതുകൊണ്ട് തന്നെ ഇതിന് പിന്നില്‍ ആരാണ് പ്രവര്‍ത്തിച്ചത് എന്നും എന്തിന് വേണ്ടി ആയിരുന്നു എന്നും അറിയണം. അതിന് സി.ബി.ഐ അന്വേഷണം കൂടിയേ തീരൂവെന്നും അവര്‍ വ്യക്തമാക്കി.

ഇപ്പോള്‍ അറസ്റ്റ് ചെയ്തത് യഥാര്‍ത്ഥ പ്രതികളെ ആണെന്ന് വിശ്വസിക്കുന്നില്ല. ഇനി ഒരു കുടുംബത്തിലും ഇത്തരമൊരു കൊലപാതകം നടക്കരുത്. ഇതോടെ രാഷ്ട്രീയ കൊലപാതകത്തിന് അവസാനമാകണം. ഇനി ഒരു അച്ഛനും അമ്മയ്ക്കും മകനെ നഷ്ടപ്പെടരുത്. അതുകൊണ്ട് തന്നെ കേസന്വേഷണം കൃത്യമായി നടക്കണമെന്നും ശുഹൈബിന്റെ പിതാവ് പറഞ്ഞു.

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ കൊലപാതകത്തില്‍ സി ബി ഐ അന്വേഷണം ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു നിയമസഭയെ അറിയിച്ചത്. പ്രതിപക്ഷ ബഹളം ശക്തമായതോടെ നടപടികള്‍ വേഗത്തിലാക്കി സഭ പിരിഞ്ഞു. അതിനിടെ മുഖ്യമന്ത്രിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു.

കേസില്‍ പോലീസ് അന്വേഷണം തൃപ്തികരമാണ്. പ്രതികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കും. പിടിയിലുള്ളത് ഡമ്മി പ്രതികളാണെന്ന വാദം അടിസ്ഥാനരഹിതമാണ്. നീതിപൂര്‍വകമായ അന്വേഷണമാണ് നടക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.

സിബിഐ അന്വേഷണം വേണ്ട എന്ന പ്രഖ്യാപനം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമാണ്. മുഖ്യമന്ത്രി പറഞ്ഞത് അനുസരിച്ച് കണ്ണൂരിലെത്തിയ മന്ത്രി എ കെ ബാലന്‍ പറഞ്ഞത് സിബിഐ അന്വേഷണം അടക്കം ഏത് അന്വേഷണവും നടത്താന്‍ തയ്യാറാണെന്നാണ്. മുഖ്യമന്ത്രിയുടെ നിലപാട് ആരെയോ രക്ഷിക്കാനാണ് എന്ന് ചെന്നിത്തല ആരോപിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.