സാമൂഹിക വിരുദ്ദരെ തുരത്താൻ പോലീസും വ്യാപാരികളും ഒരുമിച്ച്


എടക്കാട്, മുഴപ്പിലങ്ങാട് പ്രദേശങ്ങളിൽ ഇരുട്ടിന്റെ മറവിൽ വർധിച്ചുവരുന്ന സാമൂഹികവിരുദ്ധ പ്രവർത്തനങ്ങളും റോഡിലെ നിയമലംഘനങ്ങളും ഇല്ലായ്മ ചെയ്യാനുള്ള പൊലീസിന്റെ പദ്ധതിക്ക് വ്യാപാരികൾ എല്ലാവിധ പിന്തുണയും നൽകുമെന്ന് യോഗത്തിൽ അറിയിച്ചു. വ്യാപാരികൾ എല്ലാവരും പദ്ധതിയിൽ അണിചേരുകയാണെങ്കിൽ വിലകുറച്ചും തവണ വ്യവസ്ഥയിലും ക്യാമറകൾ നൽകാൻ ഒരു സ്വകാര്യ കമ്പനിയും രംഗത്തെത്തിയിട്ടുണ്ട്. എടക്കാടും മുഴപ്പിലങ്ങാടും ഏറെയും സാധാരണക്കാരായ കച്ചവടക്കാരാണ്. വ്യാപാരികൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് വരാത്ത രീതിയിൽ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എസ്ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു.

ക്യാമറകളുമായി ബന്ധിക്കുന്ന മോണിറ്ററുകൾ എടക്കാട് പൊലീസ് സ്റ്റേഷനിലെ കൺട്രോൾ റൂമിൽ പ്രവർത്തിക്കും. ഇതിനായി മുഴുവൻ സമയ നിരീക്ഷണവും ഏർപ്പെടുത്തും. ആദ്യഘട്ടത്തിൽ എടക്കാട് ടൗൺ, മുഴപ്പിലങ്ങാട് കുളം ബസാർ, മുഴപ്പിലങ്ങാട് കൂർമ്പ ക്ഷേത്രം ജംക്‌ഷൻ, മുഴപ്പിലങ്ങാട് യൂത്ത് ബസ് സ്റ്റോപ്പ് എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലാണ് ക്യാമറകൾ സ്ഥാപിക്കുക.

രണ്ടാംഘട്ടത്തിൽ മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിക്കും. എടക്കാട് പൊലീസ് സ്റ്റേഷന്റെ പരിധിയിൽ വരുന്ന ചാല ബൈപാസ്, നടാൽ ബൈപാസ്, സംസ്ഥാന പാതയിലെ ആഡൂർ, കാടാച്ചിറ എന്നീ സ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിക്കാൻ ഉദ്ദേശ്യമുണ്ട്. എന്നാൽ പൊലീസ് സ്റ്റേഷനുകളിൽ നിന്നും കിലോമീറ്ററുകളോളമുള്ള ഈ സ്ഥലങ്ങളിലേക്ക് കേബിൾ വലിക്കുന്നതിന് പരിമിതിയുണ്ട്. കേബിൾ ടിവിയുടെ കേബിൾ ഉപയോഗിച്ച് ഇതിനു പരിഹാരം കാണാനുള്ള ശ്രമങ്ങളും തുടങ്ങിയിട്ടുണ്ടെന്ന് എടക്കാട് എസ്ഐ മഹേഷ് കണ്ടമ്പേത്ത് പറഞ്ഞു. പദ്ധതി യാഥാർഥ്യമായാൽ റോഡിലെ നിയമലംഘനങ്ങളും രാത്രികാല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും കാരണമായവരെ എളുപ്പത്തിൽ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ കഴിയും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.