പീസ് സ്കൂള്‍ ഡയറക്ടരും ഇസ്ലാമിക മത പ്രബോധകനുമായ എംഎം അക്ബർ അറസ്റ്റിൽ

ഇസ്ലാമിക മത പ്രബോധകൻ എംഎം അക്ബർ അറസ്റ്റിൽ. ഹൈദരാബാദ് പൊലീസാണ് എം.എം അക്ബറിനെ അറസ്റ്റ് ചെയ്തത്. ഓസ്‌ട്രേലിയയിൽനിന്ന് ദോഹയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തന്നെ അറസ്റ്റ് ചെയ്ത കാര്യം എം.എം അക്ബർ തന്നെ ഭാര്യയെ വിളിച്ചറിയിക്കുകയായിരുന്നു. മീഡിയ വൺ ചാനലാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

എം.എം അക്ബറിനെ ഉടൻ കേരള പൊലീസിന് കൈമാറുമെന്ന് ഹൈദരാബാദ് പൊലീസ് അറിയിച്ചു. അക്ബറിന്റെ നേതൃത്വത്തിലുള്ള പീസ് സ്‌കൂളുമായി ബന്ധപ്പെട്ട വിവാദത്തെ തുടർന്ന് കേരള പൊലീസാണ് എം.എം അക്ബറിനെതിരെ കേസെടുത്തത്. മതം മാറിയ ശേഷം സിറിയയിലെക്ക് കടന്നതായി പറയപ്പെടുന്ന പെൺകുട്ടി എം.എം അക്ബറിന്റെ സ്‌കൂളിൽ ജോലി ചെയ്തിരുന്നുവെന്നതടക്കമുള്ള കാര്യങ്ങളാണ് അക്ബറിനെതിരെ കേസെടുക്കാൻ കേരള പോലീസിനെ പ്രേരിപ്പിച്ചത്. പീസ് സ്‌കൂളിൽ ദേശവിരുദ്ധമായ കാര്യങ്ങൾ പഠിപ്പിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു. ഏറെക്കാലമായി ഖത്തറിലാണ് എം.എം അക്ബർ കഴിയുന്നത്.

രാജ്യവിരുദ്ധമായ ഒരു കാര്യവും താൻ ചെയ്തിട്ടില്ലെന്നും സാമൂഹ്യബോധവും രാഷ്ട്രസേവനത്തിന് താൽപര്യവുമുള്ള ഒരു തലമുറയെ വാർത്തെടുക്കുന്ന ജോലിയാണ് താൻ നിർവഹിച്ചതെന്നും നേരത്തെ അക്ബർ വ്യക്തമാക്കിയിരുന്നു.
കാസർക്കോട്, കോഴിക്കോട്, എറണാംകുളം ജില്ലകളിൽ നിന്നുള്ള പോലീസുദ്യോഗസ്ഥന്മാരും ഐ.ജി മുതൽ എൻ.ഐ.എ വരെയുള്ള അന്വേഷണ ഏജൻസികളുടെ ഉദ്യോഗസ്ഥന്മാരും എന്നെ മാറിമാറി ചോദ്യം ചെയ്തതാണ്. മണിക്കൂറുകളോളമുള്ള ചോദ്യംചെയ്യലുകളിൽ നിന്ന് അവർക്കൊന്നുംതന്നെ എന്നിൽ ഭീകരതയുണ്ടെന്ന് തോന്നുകയോ അത്തരം നടപടികളിലേക്ക് അവർ തിരിയുകയോ ചെയ്തിട്ടില്ലെന്നും നേരത്തെ ഇത് സംബന്ധിച്ചുയർന്ന വിവാദങ്ങളോട് അക്ബർ പ്രതികരിച്ചിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.