ദാറുല്‍ ഹസനാത്ത് സനദ് ദാന സമ്മേളനം നാളെ തുടങ്ങും




കണ്ണാടിപ്പറമ്പ് (ഹസനാത്ത് നഗര്‍): ദാറുല്‍ ഹസനാത്ത് ഇസ്‌ലാമിക് കോളജിന്റെ രണ്ടാം സനദ്ദാന സമ്മേളന 5-ാം ഹസനാത്ത് വാര്‍ഷിക പ്രഭാഷണ പരമ്പര നാളെ ഹസനാത്ത് നഗരിയില്‍ തുടങ്ങും. സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് ഉച്ചക്ക് ശേഷം ഹാശിം തങ്ങളുടെ മഖ്ബറ സിയാറത്തു നടക്കും. മൂന്നു മണിക്ക് കോളജ് പ്രിന്‍സിപ്പല്‍ സയ്യിദ് അലി ബാഅലവി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ പരിപാടികള്‍ക്ക് ഔദ്യോഗിക തുടക്കമാകും. തുടര്‍ന്ന് ഹസനാത്ത് നഗരിയില്‍ നിന്നും അധ്യാപകരും മാനേജ്‌മെന്റ് പ്രതിനിധികളും വിദ്യാര്‍ഥികളും അണിനിരക്കുന്ന സമ്മേളന വിളംബര റാലി നടക്കും.
      18 വരെ വാര്‍ഷിക പ്രഭാഷണ പരമ്പരയില്‍ കേരളത്തിലെ പ്രഗത്ഭ പ്രഭാഷകര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തും.
നാളെ വൈകീട്ടു 4 മണിക്ക് യൂത്ത് മീറ്റ് നടക്കും. രാത്രി 7ന് സ്വാലിഹ് ഹുദവി തൂത പ്രഭാഷണം നടത്തും. 13നു ചൊവ്വാഴ്ച വൈകീട്ടു 4 മണിക്ക് പ്രവാസി സംഗമം നടക്കും. രാത്രി 7ന് അല്‍ ഹാഫിള് അഹ്മദ് കബീര്‍ ബാഖവി കാഞ്ഞാര്‍ പ്രഭാഷണം നടത്തും.
14നു ബുധനാഴ്ച ഉച്ചക്ക് 3 മണിക്ക് നടക്കുന്ന അലുംനി മീറ്റ് ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ടു 4ന് സയ്യിദ് അലി ബാഅലവി തങ്ങള്‍ സ്ഥാനവസ്ത്ര വിതരണം നടത്തും. സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ഉദ്ഘാടനം ചെയ്യും.
രാത്രി 7 മണിക്ക് സനദ്ദാന സമ്മേളനം നടക്കും. ദാറുല്‍ ഹസനാത്തിലെ പത്തുവര്‍ഷത്തെ മതഭൗതിക വിദ്യാഭ്യാസത്തിന് പുറമെ ചെമ്മാട് ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ രണ്ട് വര്‍ഷത്തെ ബിരുദാനന്തര ബിരുദം (ഹുദവി) കരസ്ഥമാക്കിയ 21 യുവ പണ്ഡിതര്‍ക്ക് മൗലവി ഫാളില്‍ അല്‍ ഹസനവി ബിരുദവും ദാറുല്‍ ഹസനാത്ത് തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളജില്‍ നിന്ന് ഖുര്‍ആന്‍ ഹൃദ്യസ്ഥമാക്കിയ 18 ഹാഫിളീങ്ങള്‍ക്കുള്ള ബിരുദവും സനദ്ദാന സമ്മേളനത്തില്‍ നല്‍കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ബിരുദദാനവും സ്മാര്‍ട്ട് ക്ലാസുദ്ഘാടനവും നിര്‍വഹിക്കും. രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍ അധ്യക്ഷത വഹിക്കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി സനദ്ദാന പ്രഭാഷണവും സമസ്ത ഉപാധ്യക്ഷന്‍ പി.കെ.പി അബ്ദുസ്സലാം മുസ്‌ലിയാര്‍ അനുഗ്രഹ പ്രഭാഷണവും നടത്തും. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, സയ്യിദ് അലി ബാഅലവി തങ്ങള്‍, പി.പി ഉമര്‍ മുസ്‌ലിയാര്‍, എം.എല്‍.എ മാരായ കെ.എം ഷാജി, ഇ.പി ജയരാജന്‍, ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി പ്രസംഗിക്കും. അന്‍വര്‍ മുഹ്‌യിദ്ദീന്‍ ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങില്‍ സമ്മേളനോപഹാരം ‘കണ്ണൂര്‍ മുസ്‌ലിം ചരിത്രം’ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ഡോ. പി.എ ഇബ്രാഹിം ഹാജിക്കും, ‘ഹസനാത്ത് ഇന്റര്‍നാഷണല്‍ ജേര്‍ണല്‍ ഫോര്‍ ഇസ്‌ലാമിക് സ്റ്റഡീസ് ‘ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, മണിയപ്പള്ളി അബൂട്ടി ഹാജിക്കും നല്‍കി പ്രകാശനം ചെയ്യും. ഹസനാത്ത് ബ്രോഷര്‍ മെട്രോ മുഹമ്മദ് ഹാജി, മൊയ്തീന്‍ ഹാജി കമ്പിലിനും, അഹ്‌സന്‍ സപ്ലിമെന്റ് എം.കെ.പി മുസ്തഫ ഹാജി, ടി.വി വിജയന്‍ കരിങ്കല്‍കുഴി ക്കും നല്‍കി പ്രകാശനം നിര്‍വഹിക്കും. ഹസനാത്ത് പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിക്കുന്ന ‘അല്‍ മുഅ്ജം’ എന്‍.ജഹാംഗീര്‍, മൊയ്തു ഹാജി പാലത്തായിക്കും, ‘സ്ത്രീ: സ്വാതന്ത്ര്യം, സമത്വം, സുരക്ഷ’ സൈനുല്‍ ആബിദ് സഫാരി, കുറുവാളി മമ്മുഹാജി പെരിങ്ങത്തൂരിനും, ‘നശ്‌റുല്‍ ഉലൂം’ അബ്ദുല്‍ ബാരി ശാദുലി, അബ്ബാസ് ഹാജി മത്തത്തിനും നല്‍കി പ്രകാശനം ചെയ്യും.
15നു വ്യാഴാഴ്ച രാത്രി 7 മണിക്ക് ഖലീല്‍ ഹുദവി കാസര്‍ഗോഡും 16,17 തിയതികളില്‍ രാത്രി ഏഴിനു മുസ്തഫ ഹുദവി ആക്കോടും പ്രഭാഷണം നടത്തും.
സമാപന ദിവസമായ 18ന് നടക്കുന്ന സ്വലാത്ത് വാര്‍ഷിക പ്രാര്‍ഥനാ സദസ് സയ്യിദ് ഫൈസല്‍ തങ്ങല്‍ ഹുദവി ഉദ്ഘാടനം ചെയ്യും. പ്രാര്‍ഥനക്കു സമസ്ത കേന്ദ്ര മുശാവറ അംഗം മാണിയൂര്‍ അഹ്മദ് മൗലവി നേതൃത്വം നല്‍കും. സയ്യിദ് അലി ബാഅലവി തങ്ങള്‍ അധ്യക്ഷനാകും. അന്‍വര്‍ ഹുദവി പുല്ലൂര്‍ പ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളില്‍ മത രാഷ്ട്രീയ സാംസ്‌കാരിക രംഗത്തുള്ള പ്രമുഖര്‍ സമ്മേളനത്തിനെത്തിച്ചേരും. സ്തീകള്‍ക്ക് പ്രത്യേക സ്ഥല സൗകര്യമുണ്ടായിരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ദാറുല്‍ ഹസനാത്ത് രക്ഷാധികാരി സയ്യിദ് അസ്‌ലം തങ്ങള്‍ അല്‍ മശ്ഹൂര്‍, വൈസ് പ്രസിഡന്റ് വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജനറല്‍ സെക്രട്ടറി കെ.എന്‍ മുസ്തഫ, വര്‍ക്കിംഗ് സെക്രട്ടറി കെ.പി അബൂബക്കര്‍ ഹാജി പുല്ലൂപ്പി, മീഡിയ കമ്മിറ്റി ചെയര്‍മാന്‍ കബീര്‍ കണ്ണാടിപ്പറമ്പ്, കണ്‍വീനര്‍ മുബാറക് ഹുദവി വേങ്ങര എന്നിവര്‍ പങ്കെടുത്തു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.