പി.എസ്.സിക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതിയില്ലെങ്കിൽ പിഴ


തിരുവനന്തപുരം: പി.എസ്. സി പരീക്ഷയ്‌ക്ക് അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്തവർക്ക് പിഴ ‌‌ഏർപ്പെടുത്തുമെന്ന് ചെയർമാൻ എൻ.കെ. സക്കീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒരു അപേക്ഷകന് പരീക്ഷ നടത്താൻ 500 രൂപയാണ് പി.എസ്.സിക്ക് ചെലവ്. പരീക്ഷ എഴുതാതിരിക്കുന്നതിലൂടെ ഈ തുക വെറുതെ പോവുകയാണ്. അതിനാണ് പിഴ ഏർപ്പെടുത്തുന്നത്.

അപേക്ഷയോ‌ടൊപ്പം 100 രൂപ കൂടി വാങ്ങും. പരീക്ഷ എഴുതിയവർക്ക് തുക തിരിച്ച് നൽകും. എഴുതുത്തവരുടെ തുക പി.എസ്. സിയിലേക്ക് വകമാറ്റും. വലിയൊരു വിഭാഗം അപേക്ഷിച്ചിട്ട് പരീക്ഷ എഴുതാത്ത അവസ്ഥയാണ്. 5 ലക്ഷം പേർ അപേക്ഷിച്ച പരീക്ഷയ്‌ക്ക് 3 ലക്ഷം എഴുതിയ അവസ്ഥയുമുണ്ട്. പരീക്ഷയ്‌ക്ക് 40 ദിവസം മുമ്പ് ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാൻ അവസരമുണ്ടാകും. അത് കഴിഞ്ഞാൽ ആർക്കും ഹാൾ ടിക്കറ്റ് നൽകില്ലെന്ന് ചെയർമാൻ പറഞ്ഞു.

കെ.എ.എസ് പരീക്ഷ‌യ്‌ക്കുള്ള സിലബസും പരീക്ഷയുടെ ഘടനയും രണ്ട് മാസത്തിനുള്ളിൽ തയ്യാറാക്കും. മൂന്ന് സ്‌റ്റേജായിട്ടാണ് പരീക്ഷ. സിവിൽ സർവീസ് പരീക്ഷ പോലെ ആദ്യം പ്രിലിമിനറി പരീക്ഷ. അതിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് മെയിൻ പരീക്ഷയും ഇന്റർവ്യൂവും നടത്തും. പി.എസ്.സിയുടെ പരീക്ഷാ പരിഷ്‌ക‌രണം കെ.എ.എസിലൂടെയാണ് നടപ്പിലാക്കുക എന്നും ചെയർമാൻ പറഞ്ഞു.


ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.