മാധ്യമപ്രവർത്തകന്‍റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്നു
നാഗ്‍‍പൂര്‍: മഹാരാഷ്ട്രയിലെ നാഗ്‍‍പൂരിൽ മാധ്യമപ്രവർത്തകന്‍റെ അമ്മയെയും മകളെയും കഴുത്തറുത്തു കൊന്ന നിലയിൽ കണ്ടെത്തി. നദിക്കരയിലാണു ദുരൂഹസാഹചര്യത്തിൽ ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പ്രാദേശിക പത്രലേഖകനായ രവികാന്ത് കംബ്ലയുടെ മാതാവ് ഉഷ കംബ്ല(52)യെയും ഒരുവയസ്സുകാരിയായ മകൾ രാഷിയെയും ശനിയാഴ്ച വൈകിട്ട് കാണാതായിരുന്നു. തുടർന്ന് നടത്തിയ വ്യാപകമായ അന്വേഷണത്തിനൊടുവിലാണ് ഇവരുടെ മൃതദേഹങ്ങൾ ഞായറാഴ്ച രാവിലെ 10.30 ഓടെ ബഹാദുരയിൽ നിന്ന് കണ്ടെത്തിയത്. ഉഷയുടെയും രാഷിയുടെയും ശരീരത്തിൽ സംശയകരമായ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. അതിനിടെ, 12 മണിക്കൂറിനുള്ളിൽ നാഗ്‍‍പൂർ പോലീസ് കേസ് ഒത്തുതീർപ്പാക്കിയെന്ന ആരോപണവും ശക്തമായി ഉയര്‍ന്നിട്ടുണ്ട്.

ഉഷ പണം പലിശയ്ക്കു കൊടുക്കാറുണ്ടായിരുന്നതായി ഡപ്യൂട്ടി പോലീസ് കമ്മിഷണർ നിലേഷ് ഭർനെ വ്യക്തമാക്കി. ഉഷയും കൊച്ചുമകളും ശനിയാഴ്ച വൈകിട്ട് 5.30ന് വീടിനു സമീപത്തെ ജ്വല്ലറിയിൽ പോയിരുന്നു. തിരിച്ചെത്തേണ്ട സമയം കഴിഞ്ഞിട്ടും ഇവരെ കാണാതിരുന്നതിനെ തുടർന്ന് ഉഷയുടെ ഭർത്താവ് ഫോണിൽ വിളിച്ചപ്പോൾ ഫോൺ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ജോലിക്കുശേഷം തിരിച്ചെത്തിയ ശേഷം രാത്രി പത്തുമണിയോടെയാണ് രവികാന്ത് ഇവരെ കാണാനില്ലെന്ന വിവരം പോലീസിൽ അറിയിച്ചതെന്നും ഡപ്യൂട്ടി പോലീസ് കമ്മിഷണർ പറഞ്ഞു.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പവൻപുത്ര സ്വദേശിയായ ഗണേഷ് ഷാഹു (26)നെ അറസ്റ്റു ചെയ്തു. ചിട്ടിക്കാശുമായി ബന്ധപ്പെട്ട് ഉഷയും ഷാഹുവും തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണു കൊലപാതകമെന്ന് ജോയിന്‍റ് കമ്മിഷണർ ശിവജി ബോട്കെ വ്യക്തമാക്കി. പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ഉഷയെ പടവുകൾക്കു മുകളിൽ നിന്നു തള്ളിയിട്ട ശേഷം ഷാഹു കഴുത്തുമുറിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഭവം കണ്ട ഉഷയുടെ കൊച്ചുമകൾ രാഷി കരഞ്ഞതിനെ തുടർന്നാണ് കുഞ്‍ഞിനെയും കൊലപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ന്നാണ് മൃതദേഹങ്ങൾ ചാക്കിൽക്കെട്ടി നദിക്കരയിൽ കൊണ്ടിട്ടതെന്നും ബോട്കെ ചൂണ്ടിക്കാട്ടി.

ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.