ഹര്‍ഷാദിന്റെ കുടുംബത്തിന് താങ്ങായി മമ്മൂട്ടി; അനുജന്റെ പഠന ചിലവ് ഏറ്റെടുത്തു

മട്ടന്നൂരില്‍ വാഹനാപകടത്തില്‍ മരിച്ച തന്റെ ആരാധകന്‍ ഹര്‍ഷാദിന്റെ കൂടുംബത്തിന് കൈതാങ്ങായി മമ്മൂട്ടി. ഹര്‍ഷാദിന്റെ കുടുംബത്തെ മമ്മൂട്ടി സഹായിക്കാന്‍ പോകുന്നതിന്റെയും, അനുജന്റെ പഠന ചിലവ് ഏറ്റെടുത്തതിന്റെയും വിവരം നടന്‍ സിദ്ധിഖാണ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
മമ്മൂട്ടി ആരാധകനായ ഹര്‍ഷാദിന്റെ മരണത്തില്‍ മമ്മൂട്ടിയും ദുല്‍ഖറും ഫെയ്സ്ബുക്കിലൂടെ അനുശോചനം അറിയിച്ചിരുന്നു. 'ഹര്‍ഷാദിന്റെ മരണത്തില്‍ ഏറെ ദുഖിക്കുന്നു, സോഷ്യല്‍ മീഡിയയിലൂടെയുള്ള അവന്റെ സ്നേഹവും പിന്തുണയും എപ്പോഴും അറിഞ്ഞിരുന്നു. കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നു. മിടുക്കനായ, സ്നേഹവും സന്തോഷവും നിറഞ്ഞ ചെറുപ്പക്കാരനായിരുന്നു അവന്‍' എന്ന് ദുല്‍ഖര്‍ കുറിച്ചിരുന്നു.

ഷൂട്ടിങ് ലൊക്കേഷനില്‍ വെച്ച്‌ ഒരുമിച്ചെടുത്ത ചിത്രം പങ്കുവെച്ചാണ് മമ്മൂട്ടി അനുശോചനം രേഖപ്പെടുത്തിയത്. ഹര്‍ഷാദിന്റെ മരണ വാര്‍ത്ത ഞെട്ടിച്ചു, അനുശോചനം എന്ന് മമ്മൂട്ടി കുറിച്ചു.

മട്ടന്നൂരില്‍ കാറും ബൈക്കും കൂട്ടിയിടിച്ചാണ് ഹര്‍ഷാദും സുഹൃത്തും മരിച്ചത്. സുഹൃത്തിന്റെ ബൈക്കില്‍ സഞ്ചരിക്കവേ കാര്‍ ഇടിച്ചിടുകയായിരുന്നു. റോഡില്‍ തെറിച്ചു വീണ ഇരുവരേയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.