അണ്ടല്ലൂരിൽ ഇനി ഉത്സവക്കാലം
കണ്ണൂർ ജില്ലയിലെ തലശ്ശേരി താലൂക്കിൽ ധർമ്മടം പഞ്ചായത്തിൽ പെട്ട ഒരു ക്ഷേത്രമാണ് അണ്ടല്ലൂർക്കാവ്. മകരം 15 മുതല്‍ കുംഭം 14 വരെ ഒരു മാസം നീളുന്നതാണ് തലശ്ശേരിക്കടുത്ത് അണ്ടലൂര്‍ കാവിലെ തിറ ചടങ്ങുകൾ. കുംഭം രണ്ടു മുതല്‍ ഏഴുവരെയാണ് ഉല്‍സവത്തിന്റെ പ്രധാന ഭാഗം നടക്കുക. അണ്ടലൂര്‍ ദേശത്ത്, തൊട്ടടുത്തുള്ള രണ്ടു സ്ഥലങ്ങളിലായാണു മേലേക്കാവും താഴേക്കാവും. തെയ്യങ്ങള്‍ കെട്ടിയാടുന്നതും അതോടനുബന്ധിച്ച ചടങ്ങളുകള്‍ നടത്തുന്നതും താഴേക്കാവിലാണ്. അതേസമയം, ശ്രീകോവിലുകളും തിരുമുറ്റവും മേലേക്കാവിലുമാണ്.

കോലത്തിരിയുടെ പ്രതിപുരുഷനായി നാടുവാണ അണ്ടലൂര്‍ നായനാരും മാവിലായി നാടുവാഴിയും തമ്മില്‍ മൂപ്പിളമത്തര്‍ക്കമുണ്ടായെന്നും ഒടുവില്‍ അണ്ടലൂര്‍ നായനാര്‍ ചതിയില്‍ കൊല്ലപ്പെട്ടുവെന്നുമാണ് ഐതിഹ്യം. തുടര്‍ന്ന് അദ്ദേഹം ദൈവത്താറായി ആരാധിക്കപ്പെട്ടുതുടങ്ങിയെന്നുമാണു കഥ. തീയ്യ സമുദായത്തിനാണു കാവിന്റെ നിയന്ത്രണം. മൂന്നു തീയ്യ തറവാടുകള്‍ക്ക് ഒരേ സമയം ഊരാളന്‍(അച്ചന്‍) സ്ഥാനം ലഭിക്കും. ഇതോടൊപ്പം മറ്റു സമുദായങ്ങള്‍ക്കും പ്രത്യേക അവകാശമുണ്ട്. മുസ്ലീങ്ങള്‍ക്കും നേരത്തേ അവകാശമുണ്ടായിരുന്നുവത്രെ.
തിറയെത്തുമ്പോഴേക്കും ദേശത്തെ മുഴുവന്‍ വീടുകളും അറ്റകുറ്റപ്പണി ചെയ്തു നന്നാക്കും. മകരം 27ന് ഉച്ചാറല്‍ ദിനത്തോടെയാണു ശുചീകരണം പൂര്‍ത്തിയാകുക. ഉല്‍സവനാളുകളില്‍ ഈ നാട്ടിലെ വീടുകളില്‍ പുതിയ പാത്രങ്ങള്‍ മാത്രമേ പാചകത്തിന് ഉപയോഗിക്കൂ. വിശ്വാസികള്‍ മല്‍സ്യമാംസാദികള്‍ കഴിക്കാതെ വ്രതമനുഷ്ഠിക്കുകയും ചെയ്യുന്നു. തിറയ്ക്കു തുടക്കമായി മകരം 15നു പുലയ സമുദായക്കാര്‍ നേര്‍ച്ചവസ്തുക്കള്‍ കാവില്‍ അടിയറ വയ്ക്കും. 25നു സ്വര്‍ണപ്രശ്‌നം നടത്തും. കുംഭം ഒന്നിനു തേങ്ങയാക്കലും രണ്ടിനു കാവില്‍ കയറല്‍, ചക്ക കൊത്തല്‍ തുടങ്ങിയ ചടങ്ങുകളും നടത്തും. കുംഭം മൂന്നിനാണു കൊടിയേറ്റല്‍. ദൈവത്താറുടെ തൃക്കൈക്കുട കാവിലേക്ക് എഴുന്നള്ളിക്കുന്നതും അന്നു തന്നെ.
കുംഭം എട്ടു മുതല്‍ 14 വരെയുള്ള ഉല്‍സവം പരേതാത്മാക്കള്‍ക്കുവേണ്ടിയാണെന്നാണു വിശ്വാസം. കരിയടുക്കയെന്നറിയപ്പെടുന്ന ഈ ഘട്ടംകൂടി കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം ഉല്‍സവം സമാപിക്കും. പുണ്യാഹവും അവകാശികള്‍ക്കു കോളു നല്‍കലുമാണ് അന്നത്തെ ചടങ്ങുകള്‍.
അണ്ടല്ലൂർക്ഷേത്രത്തിലെ ദേവസങ്കൽപ്പങ്ങൾ രാമായണ പ്രതിപാദിതമാണ്. ശ്രീരാമൻ, ലക്ഷ്മണൻ, ഹനുമാൻ, സീത - ഈ ദേവ ചൈതന്യസങ്കൽപ്പങ്ങൾക്ക് ബിംബരൂപത്തിൽ പ്രതിഷ്ഠകളുണ്ട്. ഇവിടുത്തെ ഉത്സവചടങ്ങുകൾ, രാമായണത്തിൽ സുന്ദരകാണ്ഡത്തിലും യുദ്ധകാണ്ഡത്തിലും പ്രതിപാദിക്കുന്ന ഭാഗങ്ങൾ ഉൾക്കൊള്ളുന്നവയാണ്
അറബിക്കടലോട് ചേർന്നുനിൽക്കുന്ന ധർമ്മടം ഗ്രാമത്തിൻറെ മറ്റ് മൂന്നു ഭാഗങ്ങളിലും പരസ്പരബന്ധിതമായി കഴിയുന്ന പുഴകളാണ്. തെക്കേ അറ്റത്തുകിടക്കുന്ന ധർമ്മടം ദേശം താരതമ്യേന ഉയർന്ന ഭൂവിഭാഗമാണ്. താണനിലങ്ങൾ ഏറിയകൂറും പാലയാടും അണ്ടലൂരിലുമാണ്; മേലൂർദേശത്തിൻറെ ഏതാനും ഭാഗങ്ങളും താഴ്ന്ന തലങ്ങൾ തന്നെ. വയലേലകൾ നിറഞ്ഞ ഈ പ്രദേശങ്ങൾ കാർഷികപ്രാധാന്യമുള്ളവയാണ്. അണ്ടലൂർക്കാവ് സ്ഥിതിചെയ്യുന്നത് ഈ കാർഷികപ്രദേശത്തിൻറെ നെറുകയിലാണ്. എരിഞ്ഞിയും ആലും കൂവളവും ചമ്പകവും കാഞ്ഞിരവും തൊട്ടുള്ള മരങ്ങൾ നിറഞ്ഞ ഒരു വിശാലമായ മേടപറമ്പു. "കാവ്" എന്ന പദത്തിനു കൂട്ടം എന്നും അർത്ഥം ഉണ്ട്, തരുവല്ലികളുടെ കൂട്ടത്തിലാണ് പ്രതിഷ്ഠകൾ ഏർപ്പെടുത്തുന്നത് - അണ്ടലൂർക്കാവും അത്തരത്തിലൊന്നാണെന്ന് നമുക്ക് പറയാം.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.