കണ്ണൂര്‍ വ്യോമയാന ഭൂപടത്തിലേയ്‌ക്ക്‌; റഡാര്‍ പരിശോധനയ്‌ക്കായുള്ള പരീക്ഷണപ്പറക്കല്‍ നാളെകണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെ റഡാര്‍ സംവിധാനം കാലിബ്രേറ്റ്‌ ചെയ്യുന്നതിനായി പരീക്ഷണ വിമാനം നാളെ വിമാനത്താവളത്തിലെത്തും. വിമാനത്താവളത്തില്‍ ഘടിപ്പിച്ച ഡോപ്ലര്‍ വെരി ഹൈ ഫ്രീക്വന്‍സി ഒംനിറേഞ്ച്‌ (ഡി.വി.ഒ.ആര്‍) റഡാര്‍ ഉപകരണം കാലിബ്രേഷനിലൂടെ പ്രവര്‍ത്തനക്ഷമാക്കുന്നതിനായി എയര്‍പോര്‍ട്ട്‌സ്‌ അതോറിറ്റി ഓഫ്‌ ഇന്ത്യയാണ്‌ പരീക്ഷണ വിമാനം പറത്തുക. ഒരു പൈലറ്റും മൂന്ന്‌ സാങ്കേതിക വിദഗ്‌ധരുമടങ്ങിയ സംഘം എ.എ.ഐയുടെ ഡ്രോണിയര്‍ വിമാനത്തിലുണ്ടാവും. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന്‌ പറന്നുയരുന്ന വിമാനം കണ്ണൂര്‍ വിമാനത്താവളത്തിന്‌ മുകളിലൂടെ പല ഉയരങ്ങളിലും ദിശകളിലുമായി പറന്നാണ്‌ റഡാര്‍ ഉപകരണത്തില്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിച്ച്‌ പ്രവര്‍ത്തനക്ഷമമാക്കുക.
കാലിബ്രേഷന്‍ കഴിഞ്ഞാല്‍ മാത്രമേ കമേഷ്യല്‍ വിമാനങ്ങള്‍ക്ക്‌ കണ്ണൂര്‍ വിമാനത്താവളത്തിലെ വ്യോമമേഖലയിലേയ്‌ക്ക്‌ കൃത്യമായി പ്രവേശിയ്‌ക്കാന്‍ സാധിക്കുകയുള്ളു. വിമാനത്താവളത്തിനു മുകളിലൂടെ കടന്നുപോകുന്ന വിമാനങ്ങള്‍ക്കും വിവരങ്ങള്‍ കൈമാറാന്‍ ഇതോടെ റഡാര്‍ സജ്ജമാകും. 112.6 മെഗാഹെട്‌സാണ്‌ കണ്ണൂര്‍ വിമാനത്താവളത്തിലെ റഡാര്‍ ഉപകരണത്തിന്റെ തരംഗദൈര്‍ഘ്യം. ഇതില്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കുന്നതിന്‌ അനുയോജ്യമായ ഉപകരണങ്ങള്‍ ഇവിടേയ്‌ക്കുള്ള വിമാനങ്ങളില്‍ ഘടിപ്പിയ്‌ക്കും.
റഡാര്‍ കമ്മീഷന്‍ ചെയ്യുന്നതോടെ കണ്ണൂര്‍ വിമാനത്താവളത്തിന്‌ അകത്തേയ്‌ക്കും പുറത്തേയ്‌ക്കുമുള്ള വ്യോമമാര്‍ഗം നിലവില്‍ വരും. എയറൊനോട്ടിക്കല്‍ ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍ ആന്റ്‌ കണ്‍ട്രോള്‍ സംവിധാനത്തിലൂടെ ഇത്‌ ആഗോളതലത്തില്‍ പ്രസിദ്ധീകരിയ്‌ക്കുകയും ചെയ്യും. ഇതോടെ CNN എന്ന അയാട്ട കോഡുള്ള കണ്ണൂര്‍ വിമാനത്താവളം ലോക വ്യോമയാന ഭൂപടത്തില്‍ ഇടംപിടിക്കുമെന്നും കിയാല്‍ എംഡി പി. ബാലകിരണ്‍ അറിയിച്ചു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ്
ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.