ഇതും കേരളത്തിൽ; പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വാഹനം വിളിച്ച് വരാൻ വിസമ്മതിച്ച് വൈകിയത് കാരണം യുവതി വീട്ടിൽ പ്രസവിച്ചു. സംഭവം കണ്ണൂർ വളപട്ടണത്ത്

വെസ്റ്റേൺ ഇന്ത്യാ പ്ലൈവുഡ്സിനു സമീപത്തു നിന്നു പള്ളിക്കുന്നുമ്പ്രത്തേക്കുള്ള റോഡ് തകർന്നിട്ട് കാലമേറെയായി. കഴിഞ്ഞ ദിവസം ഈ റോഡിലൂടെ വാഹനം വിളിച്ച് വരാൻ വിസമ്മതിച്ചതിനാൽ ഗർഭിണിയായ യുവതി താമസിക്കുന്ന കോട്ടേഴ്സിൽ പ്രസവിച്ചു.

പാലോട്ടുവയൽ മെയിൻ റോഡിൽ നിന്നു പള്ളിക്കുന്നുമ്പ്രം വരെയുള്ള രണ്ടു കിലോമീറ്ററോളം ദൂരത്തിൽ അഴീക്കോട് പഞ്ചായത്തിന്റെ അതിർത്തി റോഡ് വരെയാണ് ഈ ദുരവസ്ഥ. ടാറിങ് ഇളകിയും കൂറ്റൻ കുഴികൾ രൂപപ്പെട്ടും വാഹന ഗതാഗതം ദുരിതപൂർണമായിരിക്കുകയാണ്.

അഴീക്കോട് പഞ്ചായത്ത് പരിധിയിൽ പള്ളിക്കുന്നുമ്പ്രം വരെയുള്ള റോഡുകൾ നവീകരിച്ചെങ്കിലും വളപട്ടണം പഞ്ചായത്ത് അവഗണിക്കുകയാണെന്നാണ് ആരോപണം.

വളപട്ടണം പഞ്ചായത്ത് പരിധിയിൽ അറ്റകുറ്റപ്പണി നടത്തിയതല്ലാതെ പൂർണമായും ടാറിങ് നടത്തിയിട്ട് വർഷങ്ങൾ പിന്നിട്ടതായി നാട്ടുകാർ പറയുന്നു.

വളപട്ടണത്തു നിന്ന് അഴീക്കോട് ഭാഗത്തേക്കുള്ള പ്രധാന റോഡുകളിൽ ഒന്നാണിത്. പല തവണ പൊതുമരാമത്ത് വകുപ്പ് അധികൃതരോട് പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ല.
ഇതിനിടെയാണ് അത്യന്തം ഗുരുതരമായ ഈ സംഭവവും. ഇതിന് ആരാണ് ഉത്തരവാദികൾ? ഇത് പോലെ റോഡ് ഉപയോഗിക്കുന്ന രോഗികളും ഗർഭിണികളും നിരവധി ഇനിയുമുണ്ട്.
പള്ളിക്കുന്നുമ്പ്രം റോഡിനോട് തുടരുന്ന അവഗണന അവസാനിപ്പിക്കണമെന്നും വർഷകാലത്തിനു മുൻപേ അറ്റകുറ്റപ്പണി നടത്തണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.