ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു, നിരവധി പേർക്ക് പരിക്ക്
ഏറ്റുമാനൂര്‍ മഹാദേവക്ഷേത്ര ഉത്സവത്തിനിടെ ആന ഇടഞ്ഞു. പാപ്പാനെ പനമ്ബട്ടയക്ക് അടിച്ചു വീഴ്ത്തിയ ആന മൂന്ന് മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. തിരക്കില്‍ പെട്ട് കുട്ടികളുള്‍പ്പെടെ പതിനഞ്ചോളം പേര്‍ക്ക് പരുക്കേറ്റു. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. ആനപ്പുറത്തിരുന്ന യുവാവിനെ ഫയര്‍ ഫോഴ്സ് സംഘം സാഹസികമായാണ് രക്ഷപെടുത്തിയത്. ഡോ.ശശിദേവ് മയക്കുവെടി വച്ചശേഷം ഫയര്‍ ഫോഴ്സിന്റെ കയറുപയോഗിച്ചാണ് ആനയെ തളച്ചത്.

ഏറ്റുമാനൂര്‍ ആറാട്ട് എതിരേപ്പിനെത്തിയ മാവേലിക്കര ഗണപതിയെന്ന ആനയാണ് ഇടഞ്ഞത്. ക്ഷേത്ര മൈതാനത്ത് കല്യാണ മണ്ഡപത്തിന് സമീപത്തായിരുന്നു സംഭവം. ആറാട്ട് എതിരേല്‍പിനായി ക്ഷേത്രത്തില്‍ നിന്നും പേരൂര്‍ കവലയിലേയ്ക്ക് പോകുന്നതിനിടയില്‍ തൊട്ടു പിന്നിലുണ്ടായിരുന്ന മറ്റൊരു ആന കുത്തിയതോടെയാണ് ഗണപതി ഇടഞ്ഞത്. ഇതോടെ ആനകള്‍ ചിന്നം വിളിച്ചു. പാപ്പാന്മാര്‍ ഇടപെട്ട് രണ്ട് ആനകളെയും തന്ത്രപരമായി അകത്തി നിര്‍ത്തി. എന്നാല്‍ കുത്തേറ്റ് വേദനയില്‍ കലി പൂണ്ടു നിന്നിരുന്ന ഗണപതി മൈതാനത്തെ വേലിക്കെട്ടിനടുത്ത് നിന്നും തിരിഞ്ഞോടി കല്യാണമണ്ഡപത്തില്‍ പ്രവേശിക്കുകയും പരിഭ്രാന്തി പടര്‍ത്തുകയുമായിരുന്നു. ഒന്നാം പാപ്പാനെ താഴെ കിടന്ന വടിയെടുത്ത് അടിച്ചോടിച്ച ആന പുറത്തിരുന്ന യുവാവിനെ കുലുക്കിയിടാനും ശ്രമിച്ചു. അപകടം മനസിലാക്കിയ ഫയര്‍ഫോഴ്സ് സംഘം ഏണിയിലൂടെ കല്യാണമണ്ഡപത്തിന് മുകളില്‍ കയറി താഴോട്ട് വടം ഇട്ടു സാഹസികമായി യുവാവിനെ രക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ആനയുടെ ശ്രദ്ധ തെറ്റിച്ച്‌ കല്യാണ മണ്ഡപത്തിന്റെ മുകളില്‍ നിന്നും ഇയാളെ ഗോവണിയിലൂടെ താഴെയിറക്കി. ആറാട്ടും ,കൊടിയിറക്കും കാണാന്‍ പതിനായിരങ്ങളാണ് ഇന്നലെ ക്ഷേത്രത്തിലെത്തിയിരുന്നത്.

ആന ഇടഞ്ഞതിനെ തുടര്‍ന്ന് ആറാട്ട് എതിരേല്‍പ് പേരൂര്‍കവലയില്‍ നിന്നും വൈകിയാണ് പുറപ്പെട്ടത്. ആറാട്ട് എതിരേല്‍പ് എത്തും മുമ്ബ് ആനയെ മാറ്റേണ്ടതിനാല്‍ ഒരു മണിക്കൂറിനുശേഷം മയക്കം മാറാനുള്ള കുത്തിവെയ്പ് നല്‍കി. തുടര്‍ന്ന് അഞ്ചുമണിയോടെ വടത്തില്‍ കെട്ടിവലിച്ച്‌ ആനയെ കല്യാണമണ്ഡപത്തില്‍ നിന്നും വെളിയിലിറക്കി.ക്ഷേത്രത്തിന്റെ തെക്കുകിഴക്കേ കവാടത്തിലൂടെ പുറത്തിറക്കിയ ആനയെ ക്ഷേത്രത്തിന് വെളിയില്‍ തെക്കുഭാഗത്തുള്ള പറമ്ബിലേക്ക് കൊണ്ടുപോയി തളച്ചു. ഈ സമയം ഏഴരപൊന്നാനകളുടെ അകമ്ബടിയോടെ ആറാട്ട് എഴുന്നള്ളിപ്പ് മൈതാനിയില്‍ പ്രവേശിച്ചിരുന്നു. താമസിച്ചതിനാല്‍ പടിഞ്ഞാറെ ഗോപുരത്തിലുള്ള എഴുന്നള്ളിപ്പ് ഒഴിവാക്കി. തുടര്‍ന്ന് അധികം നില്‍ക്കാതെ തന്നെ എഴുന്നള്ളിപ്പ് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ പ്രവേശിച്ചു. കോട്ടയം ഫയര്‍ഫോഴ്സ് ഉദ്യാഗസ്ഥരായ അരുണ്‍,രതീഷ്,ദീപു, ഷിനോയി, അനന്ദു,ഡ്രൈവര്‍ ഉണ്ണികൃഷ്ണന്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ആന ഇടഞ്ഞപ്പോള്‍ ജനങ്ങളെ അകറ്റി നിര്‍ത്തുന്നതിന് ഡിവൈ.എസ്.പി സഖറിയാ മാത്യു, ഏറ്റുമാനൂര്‍ പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ.ജെ.തോമസ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് നന്നേ പണിപ്പെട്ടു. ആനയെ തളയ്ക്കാന്‍ വൈകിയതോടെ വെടിക്കെട്ടും താമസിച്ചു. രാവിലെ 6.53നാണ് വെടിക്കെട്ട് ആരംഭിച്ചത്.


ഫ്ലാഷ്ഫ്ലാസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.