പയ്യന്നൂരിൽ വീട് കയറി അക്രമം : സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്​

   

പയ്യന്നൂര്‍: മാരകായുധങ്ങളുമായി എത്തിയ ഒരു സംഘം വീട് കയറി അക്രമം കാട്ടിയതിനെ തുടര്‍ന്ന് സ്ത്രീകളടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. തലക്ക് ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് ആഴത്തില്‍ മുറിവേറ്റ മുഹമ്മദ് താക്കീറിന്റെയും സഹോദരന്‍ മുഹമ്മദ് യാസിന്റെയും പരിക്ക് ഗുരുതരമാണ്. പയ്യന്നൂര്‍ പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വീടിന്റെ ജനല്‍ ഗ്ലാസുകളും അടിച്ചു തകര്‍ത്ത നിലയിലാണ്. കാര്‍ മറ്റൊരു വാഹനത്തിനിടിച്ചുവെന്ന് ആരോപിച്ചെത്തിയ ഇരുപതോളം പേരടങ്ങിയ സംഘം ആദ്യം വീടിന് സമീപം നിര്‍ത്തിയിട്ട കാര്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. ഗേറ്റിന്റെ ലൈറ്റുകളും തകര്‍ത്ത നിലയിലാണ്.

ഇരുമ്പുവടികളും മറ്റ് മാരകായുധങ്ങളുമായി എത്തിയ അക്രമിസംഘത്തെ കണ്ട് സ്ത്രീകള്‍ പരിഭ്രാന്തരാവുകയും നിലവിളിക്കുകയുമായിരുന്നു. ബഹളം കേട്ട് പരിസരവാസികള്‍ എത്തുമ്പോഴേക്കും അക്രമികള്‍ രക്ഷപ്പെട്ടിരുന്നു. പ്രതികളെക്കുറിച്ച്‌ പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഷര്‍ഫുന്നീസയുടെ കഴുത്തിലുണ്ടായിരുന്ന അഞ്ചര പവന്‍ സ്വര്‍ണ്ണമാലയും കമ്മലും അക്രമികള്‍ കവര്‍ന്നതായും പരാതിയുണ്ട്. ഇവരുടെ വീടിന് സമീപം നിര്‍ത്തിയിട്ട കാറാണ് പൂര്‍ണ്ണമായും അടിച്ചു തകര്‍ത്തത്.

ഇന്നലെ രാത്രി 11 മണിയോടെ പയ്യന്നൂര്‍ പെരുമ്പയിലാണ് സംഭവം. പരിക്കേറ്റ പെരുമ്പ എ.സി.ഹൗസിലെ സൈനുല്‍ ആബിദ് (53), മക്കളായ മുഹമ്മദ് താക്കീര്‍ (24), മുഹമ്മദ് യാസിന്‍ (19), ബന്ധുക്കളായ കെ.ഖദീജ (55), എന്‍. ഷര്‍ഫുന്നീസ (30) എന്നിവരെ പയ്യന്നൂര്‍ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബ്ദം കേട്ട് സ്ഥലത്ത് ചെന്ന് അക്രമം തടയാന്‍ ശ്രമിച്ചപ്പോഴാണ് സൈനുല്‍ ആബിദിനെയും മക്കളെയും മാരകായുധങ്ങളുമായി ആക്രമിച്ചത്. ഇതിന് ശേഷം ഖദീജയുടെ വീട്ടിലെത്തിയ അക്രമികള്‍ ജനല്‍ ഗ്ലാസ് തകര്‍ത്തു. വീടിനകത്ത് കയറി ഖദീജയെയും ഷറഫുന്നീസയെയും ദേഹോപദ്രവം ഏല്‍പ്പിക്കുകയായിരുന്നു.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.