തകർത്തടിച്ച് പാണ്ഡയും ധോണിയും, ദക്ഷിണാഫ്രിക്കയ്‌ക്ക് 189 റൺസ് വിജയലക്ഷ്യം


ആദ്യ ഓവറുകളില്‍ ശക്തമായ ബൗളിംഗ് കാഴ്ചവെച്ച ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കെതിരെ മനീഷ് പാണ്ഡേയുടെ നേതൃത്വത്തില്‍ ഇന്ത്യ തിരിച്ചടിച്ചപ്പോള്‍ സെഞ്ചൂറിയണില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് 188 റണ്‍സ് നേടി. 2009ല്‍ ഐപിഎല്‍ സമയത്ത് 73 പന്തില്‍ നിന്ന് 114 റണ്‍സ് നേടി ഡെക്കാന്‍ ചാര്‍ജേഴ്സിനെതിരെ ആര്‍സിബിയ്ക്ക് വേണ്ടി ഇതേ ഗ്രൗണ്ടില്‍ മനീഷ് പാണ്ഡേ തിളങ്ങിയിരുന്നു. സമാനമായ ബാറ്റിംഗ് പ്രകടനമാണ് മനീഷ് പാണ്ഡേ ഇന്ന് പുറത്തെടുത്തത്. പാണ്ഡേയ്ക്കൊപ്പം ശിഖര്‍ ധവാനും സുരേഷ് റെയ്നയും തിളങ്ങിയപ്പോള്‍ ഇന്ത്യ മികച്ച സ്കോറിലേക്ക് നീങ്ങി. അവസാന  ഓവറുകളില്‍ കൂറ്റനടികളുമായി ധോണിയും ഒപ്പം കൂടി.
രണ്ടാം ഓവറില്‍ താന്‍ നേരിട്ട ആദ്യ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി രോഹിത് ശര്‍മ്മ പൂജ്യത്തിനു പുറത്തായ ശേഷം സുരേഷ് റെയ്നയും ശിഖര്‍ ധവാനും ചേര്‍ന്ന് അതിവേഗത്തിലാണ് ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്. സ്കോര്‍ 44ല്‍ ധവാന്‍(24) പുറത്താവുകയും തൊട്ടടുത്ത ഓവറില്‍ വിരാടും മടങ്ങിയപ്പോള്‍ ഇന്ത്യ 45/3 എന്ന നിലയിലായിരുന്നു. പിന്നീട് മനീഷ് പാണ്ഡേയും-സുരേഷ് റെയ്നയും കൂടി ഇന്ത്യയെ 90 റണ്‍സിലേക്ക് എത്തിച്ചു. 30 റണ്‍സ് നേടി റെയ്ന പുറത്തായ ശേഷം മനീഷ് പാണ്ഡേയും എംഎസ് ധോണിയും ചേര്‍ന്നാണ് സ്കോര്‍ ബോര്‍ഡ് ചലിപ്പിച്ചത്.

നിശ്ചിത 20 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ 4 വിക്കറ്റുകളുടെ നഷ്ടത്തില്‍ 188 റണ്‍സാണ് നേടിയത്. മനീഷ് പാണ്ഡേ 79 റണ്‍സും എംഎസ് ധോണി 52 റണ്‍സും നേടി പുറത്താകാതെ നിന്നു. 3 സിക്സും 6 ബൗണ്ടറിയും അടക്കും 48 പന്തില്‍ നിന്നാണ് മനീഷ് 79 റണ്‍സ് നേടിയത്. ധോണി 28 പന്തില്‍ നിന്ന് 52 റണ്‍സ് നേടി. അഞ്ചാം വിക്കറ്റില്‍ ഇരുവുരും ചേര്‍ന്ന് 56 പന്തില്‍ നിന്ന് 98 റണ്‍സാണ് നേടിയത്.ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.