ബസ് സമരം: വിദ്യാർഥികളെ മുൻനിർത്തിയുള്ള വിലപേശൽ അനുവദിക്കില്ല - ഫ്രറ്റേണിറ്റി

ചാർജ് വർദ്ധനവ് ആവശ്യപ്പെട്ടു കൊണ്ട് സ്വകാര്യ ബസ് ഉടമകൾ നടത്തുന്ന അനിശ്ചിതകാല സമരത്തിൽ വിദ്യാർഥികളെ മുൻനിർത്തി നടത്തുന്ന വിലപേശൽ അനുവദിക്കാനാവില്ലെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ്  പ്രസ്താവിച്ചു.  വിദ്യാർഥി കൺസഷനെ ചൊല്ലിയുള്ള കേവല തർക്കത്തിലേക്ക് സമരത്തെ എത്തിക്കുന്നതിന് പിറകിൽ സർക്കാരിനും സമരക്കാർക്കുമുള്ള താൽപര്യമെന്താണെന്ന് വ്യക്തമാക്കപ്പെടണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് കണ്ണൂർ ജില്ല പ്രസിഡന്റ് M.ഖദീജ ആവശ്യപ്പെട്ടു. അന്യായമായ ചാർജ് വർദ്ധനവാണ് ബസുടമകൾ ആവശ്യപ്പെടുന്നത്. സർക്കാർ ചാർജ് വർദ്ധനക്ക് തയ്യാറായിട്ടും സമരം തുടരാനുള്ള ബസുടമകളുടെ തീരുമാനം പ്രതിഷേധാർഹമാണ്. അനാവശ്യ ചാർജ് വർദ്ധനവ് നടത്തി മുതലാളിമാരെ സഹായിച്ച സർക്കാർ നിലപാടിൽ ഉയർന്നു വരുമായിരുന്ന പൊതുജന പ്രതിഷേധങ്ങൾ ഇല്ലാതാക്കുന്നതിനു വേണ്ടി ഇരുകൂട്ടരും ചേർന്ന് നടത്തുന്ന ഒത്തു കളിയാണോ ഈ സമരമെന്നും സംശയിക്കേണ്ടിയിരിക്കുന്നു.
വിദ്യാർഥികളുടെ കൺസഷൻ എടുത്തുകളയുന്നതടക്കമുള്ള ആവശ്യങ്ങൾ തനി തോന്ന്യാസമാണ്. കെ.എസ്.ആർ.ടി.സി വിദ്യാർഥി കൺസഷൻ നടപടിക്രമങ്ങൾ സുതാര്യമാക്കിയും ബദൽ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയും വിദ്യാർഥികളുടെ ന്യായമായ അവകാശം സംരക്ഷിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.  ബസുടമകൾ ഉന്നയിക്കുന്ന വിദ്യാർഥി വിരുദ്ധമായ ആവശ്യങ്ങൾ അംഗീകരിച്ച് സമരം ഒത്തുതീർപ്പാക്കാനാണ് ഉദ്ദേശമെങ്കിൽ സ്വകാര്യ ബസുകൾ തെരുവിൽ തടയുന്നതടക്കമുള്ള ശക്തമായ പ്രക്ഷോഭത്തിന് ജില്ലയിൽ ഫ്രറ്റേണിറ്റി മൂവ്മെന്റ് നേതൃത്വം നൽകും.
ജനങ്ങളുടെ യാത്രാ ദുരിതങ്ങൾ പരിഹരിക്കാൻ സർക്കാർ സന്നദ്ധമാവണം. പൊതുജന ഗതാഗതത്തെ സാരമായി ബാധിക്കുന്ന സമരത്തിൽ നിന്നും ബസുടമകൾ ഉടൻ പിന്മാറണമെന്നും അവർ ആവശ്യപ്പെട്ടു. ഫൈസൽ മാടായി, അഞ്ചു ആൻറണി, ജവാദ് അമീർ, മുഹ്സിൻ ഇരിക്കൂർ എന്നിവർ സംസാരിച്ചു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.