ഷുഹൈബ് വധം ; ഭരണമുണ്ട്, പാർട്ടി സഹായിക്കുമെന്നും ഡമ്മി പ്രതികളെ നല്‍കാമെന്നും പാര്‍ട്ടി ഉറപ്പ് നല്‍കിയെന്ന് ആകാശിന്റെ മൊഴി

ഷുഹൈബിന്റെ കൊലപാതകത്തിൽ അറസ്റ്റിലായ ആകാശ് തില്ലങ്കേരിയുടെ മൊഴി. കൊല്ലാൻ ക്വട്ടേഷൻ നൽകിയത് പ്രാദേശിക ഡിവൈഎഫ്ഐ നേതൃത്വമാണെന്ന് ആകാശ് പൊലീസിനു മൊഴി നൽകി. ഭരണമുണ്ടെന്നും പാർട്ടി സഹായിക്കുമെന്നും അവർ പറഞ്ഞു. ‍ഡമ്മി പ്രതികളെ ഏർപ്പാടാക്കാമെന്ന് ഉറപ്പുലഭിച്ചിരുന്നു. പ്രതികളെ നൽകിയാൽ പൊലീസ് കൂടുതൽ അന്വേഷിക്കില്ലെന്നും ക്വട്ടേഷൻ നൽകിയവർ പറഞ്ഞിരുന്നു. അടിച്ചാൽ പോരെയെന്നു ചോദിച്ചപ്പോൾ വെട്ടണമെന്നാണ് അവർ ശഠിച്ചതെന്നും ആകാശ് കൂട്ടിച്ചേർത്തു. പാർട്ടി അംഗമാണ് ആകാശ് എന്ന് സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ സ്ഥിരീകരിച്ചിരുന്നു. സിപിഎമ്മിന്റെ സൈബർ പോരാളികളുടെ സംഘത്തിൽപ്പെട്ടയാളാണ് ആകാശ് എന്നു നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.

ആക്രമിച്ചതിനുശേഷം താനും റിജിലും നാട്ടിലേക്ക് പോയി. കൂട്ടത്തിലുള്ള ഒരാള്‍ ആയുധങ്ങള്‍ കൊണ്ടുപോയി. എവിടേക്കാണ് കൊണ്ടുപോയതെന്ന് വ്യക്തമല്ല. ഷുഹൈബിന്റെ മരണവാര്‍ത്ത അറിഞ്ഞശേഷമാണ് ഒളിവില്‍ പോയതെന്നും ആകാശ് മൊഴി നല്‍കിയിട്ടുണ്ട്.

ഷുഹൈബ് വധക്കേസില്‍ അറസ്റ്റിലായ ആകാശ്, റജിന്‍ രാജ് എന്നിവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പോലീസിന് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായും ഇവര്‍ക്ക് മറ്റുപ്രതികളുടെ സഹായം ലഭിച്ചതായും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ആകാശ് അടക്കമുള്ള പ്രതികള്‍ ഉന്നത സി.പി.എം നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇതിനിടെ പുറത്തുവന്നിരുന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.