ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തുന്നത് വൈകും
   
അന്തരിച്ച ചലച്ചിത്രതാരം ശ്രീദേവിയുടെ മൃതദേഹം ഇന്ത്യയിലെത്തുന്നത് വൈകും. ഫൊറന്‍സിക്, രക്തപരിശോധന റിപ്പോര്‍ട്ടുകള്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കാന്‍ വൈകുന്നത്.

ഈ റിപ്പോര്‍ട്ടുകള്‍ മരണം രജിസ്റ്റര്‍ ചെയ്ത ബര്‍ദുബായ് പൊലീസ് സ്റ്റേഷനില്‍ ലഭ്യമാകുന്ന മുറയ്ക്കു മൃതദേഹം എംബാമിങ്ങിന് വിട്ടുനല്‍കും.

മൃതദേഹം ഉച്ചയോടെ എത്തിക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാതിരുന്നതിനെ തുടര്‍ന്നാണു വൈകുന്നത്. ഇന്നു വൈകിട്ടോടെ എത്തുമെന്നാണ് കരുതുന്നത്.

അതേസമയം ശ്രീദേവിയുടെ ബന്ധുവിന്റെ വിവാഹം നടന്ന ഹോട്ടല്‍ കേന്ദ്രീകരിച്ചും ദുബായ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

ഞായറാഴ്ച വൈകിട്ടോടെയാണ് ദുബായ് ഖിസൈസിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

ശനിയാഴ്ച രാത്രിയാണ് ശ്രീദേവിയെ ഹോട്ടല്‍ കുളിമുറിയില്‍ കുഴഞ്ഞുവീണ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ റാഷിദ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

എംബാമിങ് പൂര്‍ത്തിയാക്കി പ്രത്യേക വിമാനത്തില്‍ മൃതദേഹം മുംബൈയിലേക്കു കൊണ്ടുവരും. മൃതദേഹം കൊണ്ടുവരാന്‍ വൈകിയാല്‍ സംസ്‌കാര ചടങ്ങുകള്‍ നാളത്തേക്കു മാറ്റിവച്ചേക്കുമെന്നാണ് സൂചന.

പ്രധാനമന്ത്രിയുടെ ഓഫിസില്‍നിന്നുള്ള നിര്‍ദേശപ്രകാരം ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് നേരിട്ടാണ് മൃതദേഹം നാട്ടിലെത്തിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. മൃതദേഹം കൊണ്ടുവരാനായി അനില്‍ അംബാനിയുടെ ചാര്‍ട്ടേഡ് വിമാനം മുംബൈയില്‍നിന്നു ദുബായിലെത്തിയിട്ടുണ്ട്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.