വര്‍ധനവ് അപര്യാപ്തം, 16 മുതല്‍ പ്രഖ്യാപിച്ച പണിമുടക്കിൽ നിന്ന് പിൻമാറില്ലെന്ന് ബസുടമകള്‍


കൊച്ചി: സംസ്ഥാനസര്‍ക്കാര്‍ നിശ്ചയിച്ച ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കാനാകില്ലെന്ന് സ്വകാര്യബസ് ഉടമകള്‍. ഇപ്പോള്‍ വരുത്തിയിരിക്കുന്ന വര്‍ധനവ് അപര്യാപ്തമാണെന്നും മുന്‍നിശ്ചയിച്ചതുപോലെ ഫെബ്രുവരി 16 മുതല്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ പറഞ്ഞു. സംസ്ഥാനത്തെ മിനിമം ബസ് ചാര്‍ജ് എട്ട് രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. വര്‍ധനവ് മാര്‍ച് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.
മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം. വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ അഞ്ച് രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അതേപടി നടപ്പിലാക്കണമെന്നാണ് ബസ് ഉടമകളുടെ ആവശ്യം.
നിലവില്‍ ഏഴ് രൂപയാണ് മിനിമം ചാര്‍ജ്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ഇടതുമുന്നണി യോഗം ചാര്‍ജ് വര്‍ധനയ്ക്ക് അനുമതി നല്‍കി. തുടര്‍ന്ന് ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം ഈ തീരുമാനത്തിന് അംഗീകാരം നല്‍കുകയായിരുന്നു.
ഓര്‍ഡിനറി ബസുകളിലെ മിനിമം ചാര്‍ജ് ഏഴുരൂപയില്‍ നിന്ന് എട്ട് രൂപയായും ഫാസ്റ്റ് പാസഞ്ചറുകളിലേത് പത്തില്‍ നിന്ന് പതിനൊന്ന് രൂപയായും സൂപ്പര്‍ ഫാസ്റ്റുകളില്‍ 13 ല്‍ നിന്ന് 15 ആയും ഡീലക്സില്‍ 20 ല്‍ നിന്ന് 22 ആയും ലക്ഷ്വറി ബസുകളില്‍ 40 ല്‍ നിന്ന 44 ആയും വോള്‍വോയില്‍ 40 ല്‍ നിന്ന് 45 ആയുമാണ് ഉയര്‍ത്തിയിരിക്കുന്നത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.