മകരവിളക്കിനായി ശബരിമല ഒരുങ്ങി; തിരുവാഭരണ ഘോഷയാത്ര നാളെ എത്തിച്ചേരും


പത്തനംതിട്ട: ശബരിമലയെ ഭക്തിസാന്ദ്രമാക്കി മകരവിളക്ക് നാളെ. മകരവിളക്കിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പന്തളത്ത് നിന്നും ആരംഭിച്ച തിരുവാഭരണ ഘോഷയാത്ര നാളെ സന്നിധാനത്ത് എത്തിച്ചേരും.
ശബരിമല സന്നിധാനം മകരവിളക്കിനായി ഒരുങ്ങിക്കഴിഞ്ഞു. മകരവിളക്കിന് മുന്നോടിയായുള്ള ശുദ്ധിക്രിയകള്‍ ആരംഭിച്ചു. പ്രാസാദ ശുദ്ധിയും ബിംബ ശുദ്ധിയും പൂര്‍ത്തിയായി. ഇന്നലെ പന്തളത്തു നിന്നും ആചാരപൂര്‍വം ശ്രീകൃഷ്ണ പരുന്ത് ആകാശത്ത് വട്ടമിട്ടതോടെ പുറപ്പെട്ടതിരുവാഭരണ ഘോഷയാത്ര രണ്ടാംനാള്‍ പ്രയാണം തുടരുകയാണ്. ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 22 അംഗ സംഘമാണ് തിരുവാഭരണ പേടകങ്ങള്‍ തലയിലേറ്റുന്നത്.
ഇന്ന് പുലര്‍ച്ചെ അയിരൂര്‍ പുതിയകാവില്‍ നിന്നും യാത്രതിരിച്ച തിരുവാഭരണ ഘോഷയാത്ര രാത്രി ളാഹയിലെ വനം സത്രത്തില്‍ തങ്ങും. നാളെ രാവിലെ പ്ലാപ്പള്ളി, നിലയ്ക്കല്‍ അട്ടത്തോട് വലിയാനവട്ടം, നീലിമല വഴി സന്നിധാനത്ത് എത്തും. ഈ സമയം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നേത്യത്യത്തില്‍ തിരുവാഭരണ യാത്രക്ക് സ്വീകരണം നല്‍കും. തുടര്‍ന്ന് തന്ത്രിയും മേല്‍ശാന്തിയും ചേര്‍ന്ന് തിരുവാഭരണങ്ങള്‍ ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് കൊണ്ടു പോകും.
വൈകിട്ട് 6.45 ന് തിരുവാഭരണങ്ങള്‍ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തി ദീപാരാധന നടത്തും. തുടര്‍ന്ന് പൊന്നമ്പലമേട്ടില്‍ മകരജ്യോതി ദൃശ്യമാകും. മകരവിളക്കിനോട് അനുബന്ധിച്ച് കനത്ത സുരക്ഷയും ഭക്തര്‍ക്ക് ദര്‍ശന നിയന്ത്രണങ്ങളും പൊലീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.


ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.