ഹജ്ജ് സബ്സിഡി നിർത്തലാക്കി കേന്ദ്ര സർക്കാർ


ന്യൂഡൽഹി: ഹജ്ജ് സബ്സിഡി നിർത്തലാക്കിയതായി കേന്ദ്ര സർക്കാർ അറിയിച്ചു. 700 കോടിയോളം രൂപയുടെ സബ്സിഡിയാണ് കേന്ദ്ര സർക്കാർ നിർത്തലാക്കിയത്. പകരം ഈ പണം ന്യൂനപക്ഷ വിദ്യാർഥികളുടെ ക്ഷേമത്തിനായി ഉപയോഗിക്കുമെന്നാണ് സർക്കാർ അറിയിച്ചത്.

ഈ സബ്സിഡിയുടെ പ്രധാന ഗുണഭോക്താവ് എയർ ഇന്ത്യ ആയിരുന്നവെന്ന് ന്യൂനപക്ഷ ക്ഷേമ മന്ത്രി മുക്താർ അബ്ബാസ് നഖ്വി വാർത്താകുറിപ്പിൽ വ്യക്തമാക്കി.
2018 ഓടെ സബ്സിഡി നിർത്തലാക്കുമെന്ന് ഹജ് സബ്സിഡി, ഹജ്ജ് സേവന പുനരവലോകന സമിതി യോഗത്തിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഹജ് സബ്സിഡിക്കായി വകയിരുത്തിയിരുന്ന തുക മുസ്‌ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസ പദ്ധതികൾക്കായി വിനിയോഗിക്കാനാണു നീക്കം. കഴിഞ്ഞ വർഷം ഹജ്ജ് സബ്സിഡി 250 കോടിയായി കുറച്ചിരുന്നു.
സബ്സിഡി ഘട്ടം ഘട്ടമായി നിർത്തലാക്കാൻ 2012ൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനു നിർദേശം നൽകിയിരുന്നു. 2022ന് ഓടെ ഹജ്ജ് സബ്സിഡി നിർത്തണമെന്നും ആ തുക പാവപ്പെട്ട മുസ്‌ലിംകളുടെ ഉന്നമനത്തിനായി വിനിയോഗിക്കാമെന്നുമായിരുന്നു കോടതിയുടെ നിർദേശം. 1.70 ലക്ഷം തീര്‍ത്ഥാടകരെയാണ് പുതിയ തീരുമാനം ബാധിക്കുക.
ഹജ്ജ് യാത്രയുടെ വിമാനക്കൂലിക്ക് സർക്കാർ വിമാനക്കമ്പനികൾക്കു നൽകുന്ന സബ്സിഡിയാണ് ഹജ്ജ് സബ്സിഡി എന്ന് പൊതുവെ അറിയപ്പെടുന്നത്.  മക്കയിലേക്ക് ഇന്ത്യയിലെ പുറപ്പെടൽ കേന്ദ്രത്തിൽനിന്നുള്ള വിമാനക്കൂലിക്കാണ് സബ്സിഡി ലഭിക്കുന്നത്. കപ്പൽയാത്രയെക്കാൾ വിമാനയാത്രയ്ക്കു വരുന്ന അധിക ചെലവിനുള്ള സർക്കാർ സഹായം എന്ന നിലയിൽ 1974ൽ ഇന്ദിരാഗാന്ധിയാണ് സബ്സിഡിക്ക് തുടക്കമിട്ടത്

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.