വളപട്ടണം ഫുട്‌ബോള്‍: കരീബിയന്‍ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പിന് ഏകപക്ഷീയ ജയം
വളപട്ടണം: എ കെ കുഞ്ഞി മായന്‍ ഹാജി സ്മാരക സ്വര്‍ണ്ണക്കപ്പ് അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ കരീബിയന്‍ സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പ്, ഹണ്ടേര്‍സ് കൂത്തുപറമ്പിനെ ഏകപക്ഷീയമായി മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. കരീബിയന്‍സ് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐവറി കോസ്റ്റ് താരം ജൂനിയര്‍, നൈജീരിയന്‍ താരങ്ങളായ പോള്‍, അലക്‌സ് എന്നിവര്‍ ബൂട്ടണിഞ്ഞു. ഹണ്ടേര്‍സ് കൂത്തുപറമ്പിന് വേണ്ടി നൈജീരിയന്‍ താരങ്ങളായ ഫ്രാങ്ക്‌ളി, ജോസഫ് എന്നിവരാണ് ജേര്‍സിയണിഞ്ഞത്.
      കഴിഞ്ഞ ദിവസം ഇരിക്കൂറില്‍ നടന്ന അഖിലേന്ത്യ സെവന്‍സ് ടൂര്‍ണമെന്റില്‍ ജേതാക്കളായ ഉഷ എഫ് സി തൃശൂരാണ് കരീബിയന്‍സ് സ്‌പോട്ടിംഗ് തളിപമ്പിന് വേണ്ടി ജേര്‍സിയണിഞ്ഞത്. ആദ്യ പകുതിയില്‍ കരീബിയന്‍സ് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐവറി കോസ്റ്റ് താരം ജൂനിയറിലൂടെ ആദ്യ ഗോള്‍ നേടി. രണ്ടാം പകുതിയില്‍ കരീബിയന്‍സിന് വേണ്ടി രണ്ടാം ഗോള്‍ നേടിയത് നൈജീരിയന്‍ താരമായ പോളിലൂടെയായിരുന്നു. മൂന്നാം ഗോള്‍ നേടി തളിപ്പറമ്പ് സ്വദേശി കൂടിയായ അന്ത്രു മികച്ച പ്രകടനം കാഴ്ച വെച്ചു. ഇരു ടീമുകളുടെയും വാശിയേറിയ പോരാട്ടം കാണാന്‍ വന്ന കാണികള്‍ക്ക് തണുത്ത പ്രതികരണമാണ് മത്സരത്തില്‍ കാണാനിടയായത്.
       ഹണ്ടേര്‍സ് കൂത്തുപ്പറമ്പിന് പിന്തുണ നല്‍കി ബാന്‍ഡ് മേളത്തോടു കൂടി വന്ന ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കനത്ത പ്രഹരമായി കരീബിയന്‍സിനെതിരെയുള്ള പരാജയം. മത്സരം അവസാനിക്കുമ്പോള്‍ ഏകപക്ഷീയമായ മൂന്നു ഗോളുകള്‍ക്ക് ഹണ്ടേര്‍സ് കൂത്തുപറമ്പിനെതിരെ കരീബിയന്‍സ് സ്‌പോര്‍ട്ടിംഗ് തളിപ്പറമ്പ് വിജയിച്ചു. ഇന്നത്തെ തീ പാറും പോരാട്ടത്തില്‍ ജമാല്‍ അല്‍മാരി യു.എ.ഇ. സ്‌പോണ്‍സര്‍ ചെയ്യുന്ന നാട്ടുകാരായ കുന്നുമ്മല്‍ ബ്രദേര്‍സും ലക്കി സോക്കര്‍ ആലുവയും ഏറ്റുമുട്ടും.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.