ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ. രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

ചെന്നൈ: ചെങ്ങന്നൂര്‍ എം.എല്‍.എ കെ.കെ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു. കരള്‍ രോഗ ബാധിതനായി ചെന്നൈയിലെ അപ്പോളോ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചെ നാലു മണിയോടെയായിരുന്നു അന്ത്യം.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ സിപിഎമ്മിലെത്തിയ കെ.കെ.രാമചന്ദ്രന്‍ നായര്‍ സിപിഎം ഏരിയ സെക്രട്ടറിയായും അഭിഭാഷകനായും പ്രവര്‍ത്തിച്ച ശേഷമാണ് എം.എല്‍.എ കുപ്പായമണിഞ്ഞത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ചെങ്ങന്നൂരുകാര്‍ നെഞ്ചിലേറ്റിയ കെ.കെ.ആര്‍ തികഞ്ഞ സംഗീത പ്രേമിയുമായിരുന്നു.

സൗമ്യതയുടെ മുഖമായിരുന്നു കെ.കെ.രാമചന്ദ്രന്‍ നായര്‍. 1952 ഡിസംബര്‍ 1ന് ചെങ്ങന്നൂര്‍ ആല ഭാസ്കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായി ജനിച്ച അദ്ദേഹം എസ്.എഫ്.ഐയിലൂടെയാണ് ഇടതുപക്ഷത്തേക്ക് എത്തുന്നത്.

എസ്.എഫ്.ഐയുടെ ആലപ്പുഴ ജില്ലാകമ്മറ്റി അംഗമായിരുന്ന കെ.കെ.ആര്‍ ലോ കോളജ് പഠനകാലത്ത് തിരുവനന്തപുരം ജില്ലാകമ്മറ്റി അംഗമായും ലോ കോളജ് യൂണിയന്‍ ചെയര്‍മാനായും പ്രവര്‍ത്തിച്ചു.

ചെങ്ങന്നൂരില്‍ അഭിഭാഷകനായി പ്രവര്‍ത്തനമാരംഭിച്ച അദ്ദേഹം ബാര്‍ കൗണ്‍സില്‍ പ്രസിഡന്റായിട്ടുണ്ട്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറിയായും പിന്നീട് ഏരിയ സെക്രട്ടറിയായും നീണ്ട 14 വര്‍ഷം ചെങ്ങന്നൂരിലെ പാര്‍ട്ടിയെ അദ്ദേഹം നയിച്ചു. തികഞ്ഞ വി.എസ് പക്ഷക്കാരനായി അറിയപ്പെട്ടിരുന്ന കെ.കെ.ആര്‍ ജീവിതാവസാനം വരെ വി.എസിന്റെ നിലപാടുകള്‍ക്കൊപ്പം നിലകൊണ്ടു.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം. 1425 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. വിഭാഗീയതയാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന വിമര്‍ശനവും അന്ന് ഉയര്‍ന്നു.

ഫ്ലാഷ് ന്യൂസുകൾ ലഭിക്കാൻ കണ്ണൂർ വാർത്തകൾ ആൻഡ്രോയിഡ് ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യൂ. https://play.google.com/store/apps/details?id=com.kannur.varthakal

No comments

Powered by Blogger.